'ആശുപത്രിയിലാണെന്ന് ആദ്യം മനസ്സിലായിരുന്നില്ല, കാക്കി ഇട്ടവരെ കണ്ടപ്പോള്‍ പൊലീസ് സ്റ്റേഷനാണെന്ന് കരുതി, ജീവിതത്തിലേക്ക് തിരികെ എത്തിച്ചത് പിടിയുടെ അനുഗ്രഹം'

കലൂര്‍ സ്റ്റേഡിയത്തില്‍ വെച്ചുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായ ഉമ തോമസ് എംഎല്‍എ ആശുപത്രി വിട്ടു. 46 ദിവസങ്ങള്‍ക്ക് ശേഷമാണ് ഡിസ്ചാര്‍ജ്. വലിയൊരു അപകടത്തില്‍ നിന്നാണ് രക്ഷപ്പെട്ടതെന്ന് ഉമാ തോമസ് എംഎല്‍എ പ്രതികരിച്ചു.

അപകടത്തെ കുറിച്ച് എനിക്ക് ഒന്നും ഓര്‍മയില്ല. ആശുപത്രിയില്‍ എത്തിയതാണെന്ന് മനസ്സിലായിരുന്നില്ല. കാക്കി ഇട്ടവരെ കണ്ടപ്പോള്‍ പൊലീസ് സ്റ്റേഷനാണെന്നാണ് കരുതിയത്. ഡോക്ടര്‍മാരും നേഴ്സുമാരും കരുതലോടെ നോക്കി. അതിജീവനത്തിന്റെ എല്ലാ ക്രഡിറ്റും ആശുപത്രി അധികൃതര്‍ക്കും ഡോക്ടര്‍മാര്‍ക്കും മറ്റ് ആശുപത്രി ജീവനക്കാര്‍ക്കും നല്‍കുന്നു. പിടിയുടെ അനുഗ്രഹമാണ് ജീവിതത്തിലേക്ക് തിരികെയെത്തിച്ചതെന്നും പാര്‍ട്ടി ചേര്‍ത്തുപിടിച്ചെന്നും ഉമാ തോമസ് പറഞ്ഞു.

ഡിസംബര്‍ 29നാണ് ദിവ്യ ഉണ്ണിയുടെ നൃത്ത പരിപാടിക്കിടെ സ്റ്റേജില്‍ നിന്നും വീണ് എംഎല്‍എക്ക് പരിക്കേല്‍ക്കേറ്റത്. തലച്ചോറിനേറ്റ ക്ഷതവും ശ്വാസകോശത്തിന് പുറത്തെ നീര്‍ക്കെട്ടുമായിരുന്നു പ്രധാന പ്രശ്‌നം. നിലവില്‍ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി അറിയിച്ചു.

ഡിസ്ചാര്‍ജിന് ശേഷം എറണാകുളം പൈപ്പ് ലൈനിലെ വാടക വീട്ടിലേക്കാണ് എംഎല്‍എ പോവുക. സ്വന്തം വീടിന്റെ അറ്റകുറ്റ പണികള്‍ക്ക് ശേഷം പിന്നീട് വീട്ടിലേക്ക് മാറും. ആശുപത്രിയില്‍ നിന്നും ഓണ്‍ലൈനായി പൊതുപരിപാടിയില്‍ ഉമ തോമസ് എംഎല്‍എ പങ്കെടുത്തിരുന്നു.