ആനക്കൊമ്പ് കൈവശം വെച്ചെന്ന കേസില്‍ നടന്‍ മോഹന്‍ലാലിനെ പ്രതിയാക്കി വനം വകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചു. പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയിലാണ് ഏഴു വര്‍ഷത്തിനു ശേഷം വനം വകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 2012-ല്‍ വനംവകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസ് നീണ്ടു പോകുന്നതിനെതിരെ ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണു വനം വകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചത്.
ആനക്കൊമ്പ് കൈവശം വെച്ചതും കൈമാറ്റം ചെയ്തതും വന്യജീവി സംരക്ഷണ നിയമപ്രകാരം നിയമവിരുദ്ധമാണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. നേരത്തെ മോഹന്‍ലാലിനെ പിന്തുണച്ച് ഹൈക്കോടതിയിലടക്കം മൂന്നുവട്ടം വനം വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വന്യമൃഗസംരക്ഷണ നിയമത്തിലെ വകുപ്പുകള്‍ ഈ കേസില്‍ ബാധകമല്ലെന്നായിരുന്നു വനംവകുപ്പിന്റെ ആദ്യനിലപാട്. ഈ നിലപാടില്‍ നിന്നാണ് വനം വകുപ്പ് ഇപ്പോള്‍ മലക്കം മറിഞ്ഞിരിക്കുന്നത്.
ആനക്കൊമ്പ് സൂക്ഷിക്കാന്‍ ലെെസന്‍സ് ഇല്ലാത്ത മോഹന്‍ലാല്‍ മറ്റു രണ്ടുപേരുടെ ലെെസന്‍സിലാണ് ആനക്കൊമ്പുകള്‍ സൂക്ഷിച്ചതെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസും മോഹന്‍ലാലിന്റെ മൊഴിയെടുത്തെങ്കിലും തുടരന്വേഷണം നടത്തിയില്ല. 2011 ജൂലൈ 22-നാണ് ആദായനികുതി വകുപ്പ് മോഹന്‍ലാലിന്റെ കൊച്ചിയിലെ വസതിയില്‍ നടത്തിയ റെയ്ഡില്‍ രണ്ട് ആനക്കൊമ്പുകള്‍ പിടിച്ചെടുത്തത്. സംഭവത്തില്‍, കെ. കൃഷ്ണകുമാര്‍ എന്നയാളില്‍ നിന്നും 65,000 രൂപയ്ക്കാണ് ആനക്കൊമ്പുകള്‍ വാങ്ങിയെന്നായിരുന്നു മോഹന്‍ലാലിന്റെ വിശദീകരണം.