സഭാ തർക്കത്തിൽ ഓർത്തഡോക്സ് സഭയുടെ നിലപാടിനെതിരെ യാക്കോബായ വിഭാഗം ഇന്ന് ഗവർണർക്ക് ഭീമ ഹർജി നൽകി. സഭാ മെത്രോപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസിന്‍റെ നേതൃത്തിലാണ് യാക്കോബായ വിഭാഗം ഗവർണറെ കണ്ടത്.
മാന്യമായ മൃതസംസ്‌കാരത്തിന് അനുവദിക്കണമെന്നും വിശ്വാസികളുടെ മൗലിക അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും ദേശീയ മനുഷ്യവകാശ കമ്മീഷന്‍ നേരത്തെ കേരള ചീഫ്‌സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് നല്‍കണമെന്നുമാണ് സഭയുടെ ആവശ്യം. ഈ ആവശ്യമുന്നയിച്ച് വിവിധ ഭദ്രാസനങ്ങളില്‍ നിന്നായി രണ്ട് ലക്ഷത്തോളം സഭാപ്രതിനിധികള്‍ ഒപ്പിട്ട ഭീമഹര്‍ജിയാണ് ഗവര്‍ണര്‍ മുഹമ്മദ് ആരിഫ്ഖാന് സമര്‍പ്പിച്ചത്.
സഭാ തർക്കത്തിൽ ഇടപെടാമെന്ന് ഗവർണർ ഉറപ്പ് നൽകിയതായി യാക്കോബായ വിഭാഗം അറിയിച്ചു. മനുഷ്യാവകാശ കമ്മീഷന്‍റെ നിർദ്ദേശങ്ങൾ പോലും നടപ്പാക്കാൻ ഓർത്തഡോക്സ് സഭ തടസം നിൽക്കുന്നുവെന്ന് ഗവർണർക്ക് നൽകിയ നിവേദനത്തിൽ യാക്കോബായ വിഭാഗം ആരോപിച്ചു. മൃതദേഹം അന്തസായി സംസ്കരിക്കുന്നതിന് പോലും അനുവദിക്കുന്നില്ലെന്ന് സഭാ മെത്രോപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് പറഞ്ഞു.