ചായ ആവറേജ്, മത്തി അഞ്ചെണ്ണം വരെ കിട്ടും; കൃത്യ സമയത്ത് ആഹാരവും ഉറക്കവും; ജാമ്യം നേടിയ നാടന്‍ ബ്ലോഗറുടെ ജയില്‍ റിവ്യൂ വൈറല്‍

നാടന്‍ ബ്ലോഗര്‍ എന്ന യൂട്യൂബ് ചാനല്‍ വഴി മദ്യപാനം പ്രോത്സാഹിപ്പിക്കുകയും വൈന്‍ നിര്‍മ്മിക്കുകയും ചെയ്ത കേസില്‍ അറസ്റ്റിലായ യുവാവിന്റെ മറ്റൊരു വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. ചെറുപ്പളശ്ശേരി തൂത നെച്ചിക്കോട്ടില്‍ അക്ഷജനിനെ എക്‌സൈസ് സംഘം നവംബര്‍ 6ന് ആണ് കേസില്‍ അറസ്റ്റ് ചെയ്തത്.

തുടര്‍ന്ന് റിമാന്റിലായ അക്ഷജ് പത്ത് ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയത്. ഇതിന് പിന്നാലെ അക്ഷജ് ചെയ്ത ജയില്‍ റിവ്യൂ ആണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്. കേസിനെ കുറിച്ചും ജയില്‍ ജീവിതത്തെ കുറിച്ചും പറയുന്ന വീഡിയോയില്‍ ഒരു ദിവസത്തെ ജയില്‍ ദിനചര്യയെ കുറിച്ചും വിവരണമുണ്ട്.

ജയിലില്‍ രാവിലെ ഉണരുന്നത് മുതല്‍ ഉറങ്ങുന്നതുവരെയുള്ള കാര്യങ്ങളാണ് വീഡിയോയില്‍ വിശദീകരിക്കുന്നത്. ജയില്‍ ഭക്ഷണത്തെ കുറിച്ചും അക്ഷജ് വീഡിയോയില്‍ വാചാലനാകുന്നുണ്ട്. എന്നാല്‍ ആരും ജയിലിലേക്ക് പോകേണ്ട, അതിന് വേണ്ടിയല്ല വീഡിയോ എന്ന് പറഞ്ഞാണ് അക്ഷജ് വീഡിയോ അവസാനിപ്പിക്കുന്നത്.

രാവിലെ 6ന് എഴുന്നേല്‍ക്കണം. തുടര്‍ന്ന് വരിയായി നിരത്തി നിറുത്തി കണക്കെടുക്കും. രാവിലെ ആറരയ്ക്ക് ചായ കിട്ടും. അതിന്റെ ക്വാളിറ്റി ഒന്നും നോക്കണ്ട. ഒരുപാട് പേര്‍ക്ക് കൊടുക്കണ്ടേ. ഏഴ് മണിയ്ക്ക് കുളിക്കാനുള്ള സമയമാണ്. പിന്നെ സെല്ലില്‍ കയറണം. എട്ട് മണിയ്ക്ക് രാവിലത്തെ ഭക്ഷണം. ചപ്പാത്തിയാണെങ്കില്‍ എട്ടരയാകും. ചപ്പാത്തി മൂന്നെണ്ണം. അല്ലെങ്കില്‍ റവ ഉപ്പുമാവ്, ഗ്രീന്‍പീസ് കറി ആണ് കിട്ടുക. ഇഡ്ഡലി ആണെങ്കില്‍ 5 എണ്ണം. കറിയായി സാമ്പാര്‍ ഉണ്ടാകും. പിന്നെ സുഖമായി ഉറങ്ങാമെന്നും അക്ഷജ് പറയുന്നു.

കൃത്യം 12 മണിക്ക് ഉദ്യോഗസ്ഥര്‍ വരും. പ്ലേറ്റുമായി പോയി ചോറ് വാങ്ങണം. മീനാണെങ്കില്‍ വലിയ ഒരു അയല, മത്തി ആണെങ്കില്‍ അഞ്ചെണ്ണം ഉണ്ടാകും. പിന്നെ തോരനും കറിയുമൊക്കെ. രണ്ട് മണിക്ക് ചായ കിട്ടും. മൂന്ന് മണിക്ക് ബ്രേക്കുണ്ട്, അത് കഴിഞ്ഞാല്‍ സെല്ലില്‍ കയറണം. നാല് മണിക്ക് വൈകുന്നേരത്തെ ആഹാരം തരും. ചോറും രസവും അച്ചാറുമാണ്. ചില ദിവസം സാമ്പാറും കപ്പയും മീന്‍ കറിയും ഉണ്ടാകും. ഇത് രാത്രി ഏഴ് മണിക്ക് കഴിക്കും. ജയിലില്‍ കാരംസും ചെസും ഒക്കെയുണ്ടെന്നും അക്ഷജ് കൂട്ടിച്ചേര്‍ത്തു.

Read more

ഒമ്പത് മണിയോടെ ജയിലില്‍ കിടന്നുറങ്ങും. സെക്യൂരിറ്റി പ്രശ്‌നങ്ങളാല്‍ ലൈറ്റ് ഓഫ് ചെയ്യാറില്ല. ജയിലില്‍ പോകുമെന്ന് ഒരിക്കലും കരുതിയില്ല. ജയിലിലെ കാര്യങ്ങള്‍ പറഞ്ഞത് ആരും അങ്ങോട്ടേയ്ക്ക് പോകാന്‍ വേണ്ടി അല്ലെന്നും അക്ഷജ് വീഡിയോയില്‍ പറയുന്നു.