പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രി കെ ടി ജലീല്‍. കൂടുതല്‍ തെളിവുകള്‍ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് വന്‍ മാഫിയ സംഘമെന്നാണ് ജലീലിന്റെ പരാമര്‍ശം. മുസ്ലിം ലീഗ് രാഷ്ട്രീയ പാര്‍ട്ടിയല്ലെന്നും, പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണെന്നും ചാനല്‍ ഇന്റര്‍വ്യൂവില്‍ കെ ടി ജലീല്‍ പറഞ്ഞു.
ഖത്തറില്‍ വ്യവസായിയായ കുഞ്ഞാലിക്കുട്ടിയുടെ മകന്‍ കള്ളപ്പണ ഇടപാട് നടത്തി എന്ന ആരോപണം തെറ്റാണ്, മൂന്നരക്കോടി രൂപ ഇന്‍കം ടാക്‌സ് പിടിച്ചെടുത്തില്ല തുടങ്ങി ന്യായീകരണങ്ങളും വിശദീകരണവും കുഞ്ഞാലിക്കുട്ടി ബോധിപ്പിക്കേണ്ടത് ഇന്‍കംടാക്‌സിനെയാണെന്നും ജലീല്‍ പറഞ്ഞു. മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്താതെ ബന്ധപ്പെട്ടയിടത്ത് ബോദ്ധ്യപ്പെടുത്തി മകനെ രക്ഷിക്കാനാണ് നോക്കേണ്ടതെന്നും ജലീല്‍ പറഞ്ഞുവെച്ചു.
കുഞ്ഞാലിക്കുട്ടിക്കെതിരായ തെളിവുകള്‍ ഇനിയും കയ്യിലുണ്ടെന്നും, ഒന്നോ രണ്ടോ പത്ര സമ്മേളനങ്ങള്‍ കൊണ്ട് ഇത് അവസാനിക്കില്ലെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു. പലതരത്തിലും സാമ്പത്തിക തിരിമറി നടത്തുന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി മുസ്ലിം ലീഗ് മാറിയെന്നും, അതിന്റെ മാനേജിംഗ് ഡയറക്ടറാണ് കുഞ്ഞാലിക്കുട്ടിയെന്നും ജലീല്‍ പരിഹസിച്ചു. കുഞ്ഞാലിക്കുട്ടിയും കൂട്ടാളികളും ചേര്‍ന്ന് മുസ്ലിം ലീഗിനെ അവരുടെ കള്ളപ്പണം വെളുപ്പിക്കാനുള്ള സംവിധാനമാക്കി മാറ്റിയിരിക്കുകയാണ്. ലീഗിന്റെ മുഖപത്രമായ ചന്ദ്രിക ഉള്‍പ്പടെയുള്ള മുസ്ലിം ലീഗിന്റെ സ്ഥാപനങ്ങളെ തങ്ങളുടെ സാമ്പത്തിക താത്പര്യങ്ങളുടെ സംരക്ഷണ കവചമാക്കി ഉപയോഗിക്കുകയാണെന്നും കെ ടി ജലീല്‍ പറഞ്ഞു.