വര്‍ഗീയ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടിക്കെതിരെ ഡിജിപിക്ക് പരാതി. മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തിലും മതസമൂഹങ്ങള്‍ക്ക് ഇടയില്‍ ശത്രുത സൃഷ്ടിക്കണമെന്ന ഉദ്ദേശത്തോടെയും വര്‍ഗീയ പ്രസ്താവന നടത്തിയെന്നാരോപിച്ചാണ് പരാതി. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂരാണ് പരാതി സമര്‍പ്പിച്ചത്.
വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ താലിബാന്‍ നേതാവെന്ന് ആരോപിച്ച് അബ്ദുള്ള കുട്ടി മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിലാണ് പരാതി. ഹിന്ദു-മുസ്‌ലിം മതസമൂഹങ്ങള്‍ക്ക് ഇടയില്‍ ശത്രുതയും വൈര്യവും സൃഷ്ടിക്കുന്ന തരത്തിലുള്ള പ്രസ്താവനകളാണ് അബ്ദുള്ളകുട്ടിയുടേതെന്ന് പരാതിയിൽ ആരോപിക്കുന്നു.
വ്യാജവും വസ്തുതാവിരുദ്ധവുമായ ഇത്തരം പ്രസ്താവനകളിലൂടെ വിവിധ മതസമൂഹങ്ങള്‍ക്ക് ഇടയില്‍ ശത്രുതയും സ്പര്‍ദ്ധയും വളർത്തുന്നത് കലാപത്തിനുള്ള ശ്രമമാണെന്നും പരാതിയില്‍ ആരോപിക്കുന്നു.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി കേരളത്തിലെ ആദ്യ താലിബാൻ നേതാവാണെന്നും ‘മാപ്പിള ലഹള’ ഹിന്ദു വിരുദ്ധ കലാപമായിരുന്നുവെന്നുമാണ് അബ്ദുള്ളക്കുട്ടി പറഞ്ഞത്. കൂടാതെ ജമാഅത്തെ ഇസ്ലാമി കേരളത്തിൽ താലിബാനിസം നടപ്പാക്കാൻ ശ്രമിക്കുകയാണെന്നും കണ്ണൂരിൽ അറസ്റ്റിലായ യുവതികളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്തത് ജമാഅത്തെ ഇസ്ലാമിയാണെന്നും അബ്ദുള്ളക്കുട്ടി ആരോപിച്ചിരുന്നു.