സ്വാതന്ത്ര്യ ദിനത്തില്‍ രാഷ്ട്രപിതാവിനെയും സ്വാതന്ത്ര്യ സമരസേനാനികളെയും അപമാനിക്കുന്ന വിധത്തില്‍ പോസ്റ്റര്‍ പങ്കുവെച്ച ജനം ടിവി യുടെ നടപടി രാജ്യദ്രോഹപരവും പ്രതിഷേധാര്‍ഹവുമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ്.
ജനം ടിവിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ സ്വാതന്ത്ര്യ ദിനാശംസകളായി ആദ്യം പങ്കുവെച്ച പോസ്റ്ററില്‍ രാഷ്ട്രപിതാവ് ഗാന്ധിജിയെ വെടിവയ്ക്കുന്ന തോക്കോട് കൂടിയ ചിത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് വിവാദമായതോടെ ചിത്രം പിന്‍വലിക്കുകയായിരുന്നുവെന്നും ഡിവൈഎഫഐ പറയുന്നു. സ്വാതന്ത്ര്യ സമര സേനാനികളെയും അപമാനിച്ച ജനം ടിവിക്കെതിരെ ഡിജിപിക്ക് പരാതി നല്‍കിയെന്നും ഡിവൈഎഫ്‌ഐ വ്യക്തമാക്കി.
ആര്‍എസ്എസിന്റെ ഹിന്ദു രാഷ്ട്രത്തിലധിഷ്ഠിതമായ രാഷ്ട്രീയ സിദ്ധാന്തം മുറുകെപ്പിടിക്കുന്ന ജനം ടിവി രാഷ്ട്രപിതാവിനെയും സ്വാതന്ത്ര്യ സമരത്തെയും അപമാനിക്കാന്‍ വേണ്ടിയാണ് ഇത് ചെയ്തത്. പോസ്റ്ററില്‍ ഗാന്ധിയെക്കാള്‍ പ്രാധാന്യം ഗാന്ധി വധക്കേസിലെ പ്രതിയായിരുന്ന സവര്‍ക്കര്‍ക്ക് നല്‍കിയത് രാജ്യത്തെ സ്വാതന്ത്ര സമര ചരിത്രത്തെ പോലും അവഹേളിക്കുന്നതും സമൂഹത്തില്‍ സ്പര്‍ധ ഉണ്ടാക്കി ജനങ്ങളെ ഭിന്നിപ്പിക്കാനും വേണ്ടിയാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.