ജസ്ന കേസില്‍ സിബിഐയ്ക്ക് ജയിലില്‍ കഴിഞ്ഞ യുവാവിന്റെ നിര്‍ണായക മൊഴി. കാണാതായ ജസ്നയെ കുറിച്ച് മോഷണക്കേസിലെ പ്രതിക്ക് അറിവുണ്ടായിരുന്നുവാണ് വെളിപ്പെടുത്തല്‍. പത്തനംതിട്ടയിലുള്ള യുവാവിനെപ്പറ്റിയാണ് പൂജപ്പുര ജയിലിലെ സഹതടവുകാരന്റെ മൊഴി. യുവാവിന്റെ വിലാസം അടക്കം ശരിയെന്ന് കേസില്‍ അന്വേഷണം നടത്തുന്ന സിബിഐ സ്ഥിരീകരിച്ചു. ജയില്‍ മോചിതനായ യുവാവ് ഒളിവിലാണ്. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
2018 മാര്‍ച്ച് 20നാണ് ജസ്ന മരിയ ജെയിംസിനെ കാണാതായത്. രാവിലെ എരുമേലി മുക്കൂട്ടുതറയിലെ വീട്ടില്‍ നിന്ന് പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞുപോയ പെണ്‍കുട്ടി പിന്നെ തിരിച്ചെത്തിയില്ല. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജില്‍ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിയായിരുന്നു. വീട്ടില്‍ നിന്നും മുണ്ടകയത്തെ ബന്ധുവീട്ടിലേക്ക് പോകുംവഴിയായിരുന്നു തിരോധാനം. തുടര്‍ന്ന് ജസ്നയ്ക്കായി ക്രൈംബ്രാഞ്ചടക്കം കേരളാ പോലീസിന്റെ നിരവധി സംഘങ്ങള്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ക്രിസ്ത്യന്‍ അലയന്‍സ് ആന്റ് സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസ് അന്വേഷണം സിബിഐക്ക് കൈമാറിയത്.
ജസ്നയെ കാണാതായതല്ല തട്ടിക്കൊണ്ട് പോയതാകാമെന്ന് സിബിഐയുടെ നിഗമനം. ജസ്ന തിരോധാനക്കേസ് അന്വേഷണം എറ്റെടുത്തതിനെ തുടര്‍ന്ന് എഫ്ഐആര്‍ റിപ്പോര്‍ട്ടിലാണ് ഇത്തരത്തില്‍ അറിയിച്ചത്. അന്വേഷണം ഏറ്റെടുക്കാമെന്ന് കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് കേസ് കൈമാറിയത്. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം തിരുവനന്തപുരം സിബിഐ യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്.
ജസ്‌ന തിരോധാനക്കേസില്‍ സാധ്യമായ എല്ലാ ഇടപെടലും നടത്തിയെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. മറ്റൊരു ഏജന്‍സി അന്വേഷിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും കോടതിയില്‍ സര്‍ക്കാര്‍ പറഞ്ഞിരുന്നു. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാന്‍ ഹൈക്കോടതി സിബിഐയോട് ആവശ്യപ്പെട്ടിരുന്നത്.