ജസ്ന തിരോധാന കേസിൽ അന്വേഷണം അവസാനിപ്പിക്കുന്നുവെന്ന സിബിഐ തീരുമാനത്തിനെതിരെ പിതാവ് സമർപ്പിച്ച ഹർജി ഇന്ന് കോടതി പരിഗണിക്കും. തിരുവനന്തപുരം ചീഫ് മജിസ്ട്രേറ്റ് കോടതിയാണ് ഹർജി പരിഗണിക്കും. ഹർജിയിൽ സിബിഐ ഇന്ന് കോടതിയിൽ വിശദീകരണം നൽകും.
ആറുവർഷം അന്വേഷിച്ചിട്ടും ജസ്നയെ കുറിച്ച് ഒരു വിവരവും ലഭിക്കാത്ത പശ്ചാത്തലത്തിലാണ് കേസ് അന്വേഷണം അവസാനിപ്പിക്കാൻ സിബിഐ തീരുമാനിച്ചത്. എന്നാൽ കേസിൽ സിബിഐ സമർപ്പിച്ച അന്തിമ റിപ്പോർട്ട് തള്ളി തുടരന്വേഷണം നടത്തണമെന്നാണ് ജസ്നയുടെ അച്ഛന്റെ ആവശ്യം. 2018 മാർച്ച് 22നായിരുന്നു വെച്ചൂച്ചിറ കൊല്ലമുള സന്തോഷ് കവല കുന്നത്ത് ജെയിംസ് ജോസഫിന്റെ മകൾ ജസ്‌ന മരിയ ജെയിംസിനെ കാണാതായത്.
രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ അന്വേഷണം നടന്നു. രണ്ട് ലക്ഷത്തോളം ഫോൺ കോളുകൾ പരിശോധിച്ചു. കണ്ടെത്തുന്നവർക്ക് പൊലീസ് അഞ്ചുലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു. എന്നാൽ ജസ്‌നയെ കണ്ടെത്താൻ കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് കേസ് അവസാനിപ്പിക്കുന്നതായി സിബിഐ റിപ്പോർട്ട് നൽകിയത്.