ആലപ്പുഴയിലെതെന്ന പേരിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ കുറുവ സംഘത്തിന്റേതല്ലെന്ന് വ്യക്തമാക്കി പൊലീസ്. ഉത്തരേന്ത്യയിൽ നടന്ന മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ആലപ്പുഴയിൽ കുറുവ സംഘം നടത്തിയ മോഷണമെന്ന പേരിൽ പ്രചരിപ്പിക്കുന്നതെന്നും പൊലീസ് അറിയിച്ചു. ‘ജട്ടി ബനിയൻ ഗ്യാങ്’ അഥവാ, ‘കച്ച ബനിയൻ ഗ്യാങ്’ എന്നറിയപ്പെടുന്ന ഉത്തരേന്ത്യൻ മോഷണസംഘത്തിൻ്റെ വിഡിയോയാണ് പ്രചരിക്കുന്നതെന്നു പൊലീസ് പറഞ്ഞു.
മുഖംമൂടി ധരിച്ച നാലുപേർ എത്തി ഭാരമേറിയ വസ്തു തുടരെ ശക്തമായി എറിഞ്ഞ് ഒരു കെട്ടിടത്തിൻ്റെ വാതിൽ തകർത്ത് അകത്തു കയറുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. എന്നാൽ ഇത് ജൂൺ ആറിലെ ദൃശ്യമാണെന്ന് വിഡിയോയിൽ വിഡിയോയിൽ വ്യക്തമാണെന്നും പൊലീസ് പറയുന്നു. ആയതിനാൽ ജനങ്ങൾ നേരിട്ട് ബോധ്യമുള്ളതു മാത്രമേ പങ്കുവയ്ക്കാവൂ എന്നും പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം ദൃശ്യങ്ങളിൽ പ്രചരിക്കുന്നപോലെ ഒരു സംഭവം ആലപ്പുഴയിൽ നടന്നതായി അറിവില്ലെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു. കർണാടകയിലെ മൈസുരുവിൽ നടന്ന സംഭവമെന്ന പേരിലും ഇതേ ദൃശ്യം പ്രചരിച്ചിരുന്നു. അന്വേഷിച്ചപ്പോൾ അവിടെയും സംഭവിച്ചതായി സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ മണ്ണഞ്ചേരിയിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് സന്തോഷ് ശെൽവം എന്നയാളെ അറസ്‌റ്റ് ചെയ്തിരുന്നുവെന്നും തുടർന്ന് എറണാകുളം കുണ്ടന്നൂർ പാലത്തിന്റെ അടിയിൽ തമ്പടിച്ചിരുന്ന സംഘത്തെ ഒഴിപ്പിക്കുകയും ചെയ്തുവെന്നും അതിന് ശേഷം സംസ്‌ഥാനത്ത് കുറുവ മോഷണം നടന്നതായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും പൊലീസ് മേധാവി പറഞ്ഞു.
അതേസമയം വ്യാജ വിഡിയോകളും മറ്റ് സ്‌ഥലങ്ങളിൽ നടന്ന മോഷണശ്രമവും ചേർത്ത് കുറുവ സംഘത്തിന്റെ ആക്രമണമെന്ന രീതിയിൽ പ്രചരിപ്പിക്കുന്നത് ജനങ്ങൾക്കിടയിൽ ആശങ്കയുണ്ടാക്കുന്നുണ്ടെന്നും പൊലീസ് മേധാവി അറിയിച്ചു. ജനങ്ങൾക്ക് നേരിട്ട് അനുഭവമുള്ളതോ നേരിട്ടു ബോധ്യമുള്ളതോ ആയ വിഡിയോകളും വാർത്തകളും മാത്രം മറ്റുള്ളവരിൽ എത്തിക്കാൻ ശ്രമിക്കുന്നതാണ് ഉചിതം. ഇത്തരം വാർത്തകളും വിഡിയോയും പ്രചരിപ്പിക്കുന്നതിനു മുൻപ് വസ്തുതയും ആധികാരികതയും ഉറപ്പാക്കണമെന്നും പൊലീസ് അറിയിച്ചു.