മഞ്ഞപ്പിത്ത രോഗ വ്യാപനമുണ്ടായ കളമശ്ശേരിയിലെ വാർഡുകളിൽ ഇന്ന് മെഡിക്കൽ ക്യാമ്പ് നടത്തും. കളമശ്ശേരിയിലെ 10,12,14 വാർഡുകളിൽ രാവിലെ 11 മണിയോടെയാണ് ക്യാമ്പ് തുടങ്ങുക. ഈ വാർഡുകളിലായി 13 പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. മുപ്പത്തിലധികം പേർക്ക് രോഗ ലക്ഷണങ്ങളുണ്ട്.
മഞ്ഞപ്പിത്തം പടർന്നത് കിണർ വെള്ളത്തിൽ നിന്നാണെന്ന് കണ്ടെത്തൽ. ഗൃഹപ്രവേശനത്തിനെത്തിയവരിലാണ് മഞ്ഞപ്പിത്ത രോഗ ബാധയുണ്ടായത്. വെള്ളം, ഐസ് എന്നിവയിലൂടെ രോഗം പകർന്നിട്ടുണ്ട്. കളമശ്ശേരി നഗരസഭാ പരിധിയിലെ ചില ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കും മഞ്ഞപ്പിത്തം ഉണ്ടായിട്ടുണ്ട്.
വ്യാപനം ശ്രദ്ധയിൽപ്പെട്ടതോടെ നഗരസഭ അധികൃതർ അടിയന്തിര യോഗം ചേരുകയും, പ്രതിരോധ നടപടികളാരംഭിക്കുകയും ചെയ്തിരുന്നു. ജലസ്രോതസുകൾ അടിയന്തിരമായി ശുദ്ധീകരിക്കാനുള്ള പ്രവർത്തനങ്ങളും ആരംഭിച്ചിരുന്നു.