'മറിച്ചൊരു വിധി ഉണ്ടാകുമെന്ന് നിഷ്കളങ്കരേ നിങ്ങൾ പ്രതീക്ഷിച്ചിരുന്നോ'; ജയരാജന്റെ മകന്റെ വാട്സാപ്പ് സ്റ്റാറ്റസ് ചർച്ചയാകുന്നു

സിപിഎംഎമ്മിന്റെ ഉന്നത നേതൃത്വത്തിലേക്കുള്ള പി ജയരാജൻറെ വാതിലടയുന്നതിനിടെ ചർച്ചയായി മകൻ ജയിൻ രാജിന്റെ വാട്സാപ്പ് സ്റ്റാറ്റസ്. ‘വർത്തമാനകാല ഇന്ത്യയിൽ മറിച്ചൊരു വിധി ഉണ്ടാകുമെന്ന് നിഷ്കളങ്കരേ നിങ്ങൾ പ്രതീക്ഷിച്ചിരുന്നോ’ എന്ന എം സ്വരാജിൻറെ വാചകമാണ് പി ജയരാജൻറെ മകൻ ജയിൻ രാജ് വാട്സ് ആപ്പിൽ സ്റ്റാറ്റസ് ആക്കിയത്. മറ്റൊന്നും പ്രതീക്ഷിച്ചിരുന്നില്ലെന്ന കാര്യമാണ് ജയിൻ തുറന്ന് പറഞ്ഞതെന്നാണ് വ്യഖ്യാനങ്ങൾ.

കണ്ണൂർ പാർട്ടിയുടെ തലപ്പത്തുണ്ടായിട്ടും പി ജയരാജന് സംസ്ഥാന സമിതിയിൽ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് സ്ഥാനകയറ്റമില്ല. പ്രായപരിധി നിബന്ധന തുടർന്നാൽ അടുത്ത സമ്മേളനത്തിൽ സംസ്ഥാന സമിതിയിൽ നിന്നും ജയരാജൻ ഒഴിവാകും. കണ്ണൂരിലെ പാർട്ടിയുടെ അമരക്കാരൻ ആയിരുന്നിട്ടും മൂന്ന് പതിറ്റാണ്ട് മുൻപ് ഉൾപ്പെട്ട ഘടകത്തിൽ പി ജയരാജന്റെ സംഘടനാ ജീവിതം അവസാനിക്കാനാണ് സാധ്യതയെല്ലാം.

ചടയൻ ഗോവിന്ദൻ, പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, ഇപി ജയരാജൻ, എംവി ഗോവിന്ദൻ- ഒടുവിലിതാ എംവി ജയരാജൻ തുടങ്ങി സിപിഎമ്മിൻറെ കണ്ണൂർ ജില്ലാ സെക്രട്ടറി പദവിയിൽ നിന്ന് ഇവരെല്ലാം സംസ്ഥാന സെക്രട്ടേറിയറ്റിലെത്തി. ജയരാജന് പ്രായം എഴുപത്തിരണ്ടാണ്. അടുത്ത സമ്മേളനമാകുമ്പോൾ എഴുപത്തിയഞ്ചാകും. അപ്പോൾ ഇനിയൊരു പ്രമോഷനില്ല. 27 വർഷമായി സംസ്ഥാന കമ്മിറ്റിയിലുളള ജയരാജന് അതേ ഘടകത്തിൽ തന്നെ സംഘടനാ ജീവിതം അവസാനിപ്പിക്കേണ്ടി വരാം.

Read more