ജെഡിയു എൽഡിഎഫിലേക്ക്; ഇപ്പോൾ അനുയോജ്യമായ സമയമെന്ന് വീരേന്ദ്രകുമാർ, വ്യക്തി താല്പര്യം സംരക്ഷിക്കാനെന്ന് യു.ഡി.എഫ്

യു.ഡി.എഫ് വിട്ട് ഇടതു മുന്നണിയുടെ ഭാഗമാകാനുള്ള തീരുമാനത്തിന് ജനതാദൾ യു സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം. 14 ജില്ലാ പ്രസിഡന്‍റുമാർ തീരുമാനത്തെ പിന്തുണച്ചു. എൽ.ഡി.എഫ് പ്രവേശനത്തിനുള്ള അനുയോജ്യ സമയമാണെന്ന് സംസ്ഥാന അധ്യക്ഷൻ എം.പി വീരേന്ദ്ര കുമാർ യോഗത്തിൽ വ്യക്തമാക്കി.

എന്നാൽ ദേശീയ തലത്തിൽ തങ്ങൾ ശരത് യാദവിനൊപ്പമാണെന്ന് വീരേന്ദ്രകുമാർ വ്യക്തമാക്കി. മുന്നണി മാറ്റത്തില്‍ എതിരഭിപ്രായമുണ്ടായിരുന്ന കെ.പി മോഹനനും നേതൃത്വത്തിന്‍റെ തീരുമാനം അംഗീകരിക്കാന്‍ തയ്യാറായി. നാളെ നടക്കുന്ന സംസ്ഥാന കൗൺസിൽ വിഷയം ചർച്ച ചെയ്ത് അന്തിമ പ്രഖ്യാപനം നടത്തും. എന്നാൽ വീരേന്ദ്രകുമാറിന്റെ നീക്കം വ്യക്തി താല്പര്യം സംരക്ഷിക്കാനെന്ന് യു.ഡി.എഫ് വ്യക്തമാക്കി.

ഇതിനിടെ, തീരുമാനത്തിൽ പ്രതിഷേധിച്ച് പാലക്കാട് നിന്നുള്ള സംസ്ഥാന സെക്രട്ടറി രാജിവച്ച് ഇറങ്ങിപ്പോയി. മുന്നണിമാറ്റം അടക്കമുള്ള തീരുമാനം എടുക്കാനായി രണ്ടുദിവസം നീളുന്ന നേതൃയോഗമാണ് തലസ്ഥാനത്ത് നടക്കുന്നത്. ആദ്യം നടന്ന സംസ്ഥാന ഭാരവാഹി യോഗത്തിലാണ് മുന്നണി പ്രവേശനത്തിന്റെ സൂചനകൾ വീരേന്ദ്രകുമാർ നൽകിയത്.

ആദ്യഘട്ട ചർച്ചകൾ പൂർത്തിയായെന്നും നിലവിലെ രാഷ്ട്രീയ കാലാവസ്ഥയിൽ പാർട്ടിയുടെ വളർച്ചക്ക് മുന്നണിമാറ്റം അനിവാര്യമെന്ന് വീരേന്ദ്രകുമാർ പറഞ്ഞു. തുടർന്ന് സംസാരിച്ച ഭൂരിഭാഗം സംസ്ഥാന നേതാക്കളും ജില്ലാ പ്രസിഡന്റുമാരും നീക്കത്തെ പിന്താങ്ങുകയായിരുന്നു.