ജെസ്ന മരിയ ജെയിംസിന്‍റെ തിരോധാനക്കേസിൽ തുടരന്വേഷണത്തിന് തയ്യാറെന്ന് സിബിഐ. തെളിവുകൾ ഹാജരാക്കിയാൽ തുടരന്വേഷണത്തിന് തയാറാണെന്നും സിബിഐ അഭിഭാഷകൻ വ്യക്തമാക്കി. പുനരന്വേഷണം ആവശ്യപ്പെട്ട് ജെസ്നയുടെ പിതാവ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സിബിഐ തീരുമാനം അറിയിച്ചത്.
രേഖകളും തെളിവുകളും കോടതിയില്‍ മുദ്രവച്ച കവറില്‍ നല്‍കണമെന്ന് ജെസ്‌നയുടെ പിതാവിനോട് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി നിർദേശിച്ചു. അടുത്തമാസം മൂന്നിന് ഹര്‍ജി വീണ്ടും പരിഗണിക്കും. എല്ലാ സാധ്യതകളും പരിശോധിക്കാതെയാണ് സിബിഐ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും കേസ് അവസാനിപ്പിച്ചതെന്നും ചൂണ്ടിക്കാട്ടിയാണ് ജെസ്നയുടെ പിതാവ് കോടതിയെ സമീപിച്ചത്.
ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പുതിയ തെളിവുകളുണ്ടെന്നും ആറു മാസം കൂടി സിബിഐ അന്വേഷണം നടത്തണമെന്നുമാണ് ജെസ്നയുടെ പിതാവ് ജെയിംസ് ജോസഫിന്റെ ഹർജിയിൽ പറയുന്നത്. ജെസ്നയെ കണ്ടെത്താനായില്ലെന്നും മരിച്ചോ എന്നതിനു തെളിവുകൾ ലഭിച്ചിട്ടില്ലെന്നും വ്യക്തമാക്കിയാണ് അന്വേഷണം അവസാനിപ്പിക്കാൻ സിബിഐ നേരത്തെ കോടതിയെ സമീപിച്ചത്. ഇതിനെതിരെയാണ് ജെസ്നയുടെ പിതാവ് കോടതിയെ സമീപിച്ചത്.