കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഉപേക്ഷിച്ചുപോയ സ്വന്തം കുഞ്ഞിനെ തിരികെ ഏറ്റെടുക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് ജാർഖണ്ഡ് സ്വദേശികളായ മാതാപിതാക്കൾ. ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലുള്ള കുഞ്ഞിനെ അച്ഛനും അമ്മയും വീഡിയോ കോളിലൂടെ കണ്ടു. സിഡബ്ല്യുസിയുടെ സംരക്ഷണയിൽ കഴിയുന്ന കുഞ്ഞിനെ, പൊലീസിന്റെ നേതൃത്വത്തിൽ വീഡിയോ കോളിലൂടെ മാതാപിതാക്കൾ കണ്ടു.
താങ്ങാനാകാത്ത ആശുപത്രി ബില്ലും, കുഞ്ഞ് രക്ഷപ്പെടില്ലെന്ന ചിന്തയും കാരണമാണ് കണ്ണീരോടെ അവളെ ഉപേക്ഷിക്കേണ്ടി വന്നതെന്ന് നിധിയുടെ അച്ഛൻ മംഗളേശ്വർ പൊലീസിനോട് പറഞ്ഞു. ആശുപത്രി ചോദിച്ച രണ്ട് ലക്ഷം രൂപ നൽകാൻ സാധിക്കാതെ വന്നതോടെയാണ് കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നതെന്ന് രക്ഷിതാക്കൾ പൊലീസിനെ അറിയിച്ചു. കുഞ്ഞിനെ ഏറ്റെടുക്കാൻ അച്ഛനമമ്മാർ ഉടൻ കേരളത്തിലെത്തുമെന്ന പ്രതീക്ഷിയിലാണ് അന്വേഷണസംഘം.
ഫെബ്രുവരിയിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കുഞ്ഞിനെ ഉപേക്ഷിച്ച് പോയ ജാർഖണ്ഡ് സ്വദേശികളായ ദമ്പളികളെ കുറിച്ച് കഴിഞ്ഞ രണ്ട് മാസത്തോളമായി പൊലീസിന് ഒരു വിവരവുമില്ലായിരുന്നു. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും നടന്നില്ല. അതിനിടെയാണ് കഴിഞ്ഞയാഴ്ച കൊച്ചിയിൽ ഓൾ ഇന്ത്യ പൊലീസ് ബാറ്റ്മിൻടൻ ടൂർണമെൻറ് നടന്നത്. ഇതിൽ പങ്കെടുക്കാനെത്തിയ ജാർഖണ്ഡുകാരായ പൊലീസുകാരോട് ഈ വിവരം എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞത്.
താൽപര്യത്തോടെ തെരച്ചിൽ ആരംഭിച്ച ജാർഖണ്ഡിലെ പൊലീസ് കഴിഞ്ഞ ദിവസം തന്നെ രക്ഷിതാക്കളെ കണ്ടെത്തി. റാഞ്ചിക്കടുത്തുള്ള ലോഹാർഡഗ ഗ്രാമത്തിൽ കഴിയുകയായിരുന്നു അച്ഛൻ മംഗലേശ്വരും അമ്മ രഞ്ജിതയും. കുഞ്ഞ് മരിച്ചെന്ന ധാരണയിലായിരുന്നു ഇരുവരും. വിവരം അറിയിച്ചതോടെ കുഞ്ഞിനെ ഏറ്റെടുക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു. ജീവിച്ചിരിപ്പുണ്ടെന്ന് ഉറപ്പാക്കാൻ കുഞ്ഞിനെ വീഡിയോ കോളിലൂടെ കാണണമെന്നായി. ഒടുവിൽ ശിശുക്ഷേമ സമിതി അധ്യക്ഷൻറെ അനുവാദത്തോടെ പൊലീസ് കുഞ്ഞിനെ വീഡിയോ കോളിലൂടെ അച്ഛനമ്മമാർക്ക് കാണിച്ചുകൊടുത്തു.
മരിച്ചെന്ന് കരുതിയ സ്വന്തം മകളെ ഇരുവരും കണ്ണീരണിഞ്ഞ് കണ്ടു. നിധി എന്ന് പേരിട്ട് കഴിഞ്ഞ വ്യാഴാഴ്ച ശിശുക്ഷേമ സമിതി ഏറ്റെടുത്ത കുഞ്ഞ് അങ്കമാലി കറുകുറ്റിയിലെ ശിശുഭവനിലാണ്. ഏപ്രിൽ 11ന് കുഞ്ഞിനെ സിഡബ്ലിയുസിക്ക് കൈമാറിയിരുന്നു. ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ഷഹീർഷായുടെ ആവശ്യപ്രകാരം മന്ത്രി വീണാജോർജാണ് കുഞ്ഞിന് നിധിയെന്ന് പേരിട്ടത്.
ജനുവരി 29ന് എറണാകുളം ജനറൽ ആശുപത്രിയിലാണ് മംഗളേശ്വറിന്റെ ഭാര്യ രഞ്ജിത 28 ആഴ്ച മാത്രമുള്ള കുഞ്ഞിനെ പ്രസവിച്ചത്. ആരോഗ്യ പ്രശ്‌നങ്ങളെത്തുടർന്ന് കുഞ്ഞിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അന്ന് 23,000 രൂപ ബില്ലടച്ചു. രണ്ടു ലക്ഷം കൂടി അടയ്ക്കാൻ നിർബന്ധിച്ചപ്പോഴാണ് ജനറൽ ആശുപത്രിയിലായിരുന്ന ഭാര്യയെയും കൂട്ടി മടങ്ങിയത്. 950 ഗ്രാം മാത്രമുണ്ടായിരുന്ന കുഞ്ഞിനിപ്പോൾ മൂന്ന് കിലോ തൂക്കമുണ്ട്.
കോട്ടയത്തെ ഫിഷ്ഫാമിലായിരുന്നു മംഗളേശ്വറിനും ഭാര്യയ്‌ക്കും ജോലി. കുഞ്ഞിനെ ഉപേക്ഷിച്ചതിന് കേസെടുത്ത കാര്യം ഇവർക്ക് അറിയില്ല. എസ്ഐ പിപി റെജിയുടെ നേതൃത്വത്തിലാണ് അന്വേഷണം. മാതാപിതാക്കൾ എത്തിയില്ലെങ്കിൽ ജാർഖണ്ഡിൽ പോയി ഇരുവരെയും കസ്റ്റിഡിയെലുടുക്കും. നാട്ടിലെത്തി കുഞ്ഞിനെ ഏറ്റെടുക്കാൻ തയ്യാറായാലും ദമ്പതികളുടെ ജീവിത സാഹചര്യും കൂടി പരിഗണിച്ചേ കുഞ്ഞിനെ കൈമാറൂ എന്ന് നേരത്തെ തന്നെ ശിശുക്ഷേമ സമിതി വ്യക്തമാക്കിയിട്ടുണ്ട്.