മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ കേരളപര്യടനത്തിലെ യോഗങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് മുസ്ലിം ലീഗ് സമസ്ത നേതാക്കളെ വിലക്കിയിട്ടില്ലെന്ന് പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. ആര് വിളിക്കുന്ന യോഗങ്ങളിലും പങ്കെടുക്കാവുന്നതാണെങ്കിൽ പങ്കെടുക്കാൻ സമസ്തയിലെ അംഗങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്. അതേസമയം, വെൽഫെയർ പാർട്ടിയുമായി സഖ്യമുണ്ടാക്കിയെങ്കിൽ അതിൽ ലീഗ് സമസ്തയുടെ അഭിപ്രായം തേടിയിട്ടില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.
ലീഗുമായി എതിർപ്പില്ല. അതേസമയം, പിണറായി സർക്കാരും സമസ്തയ്ക്ക് വേണ്ടി കാര്യങ്ങൾ ചെയ്ത് തന്നിട്ടുണ്ട്. സമസ്തയുടേത് സ്വതന്ത്ര നിലപാടാണ്. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയപാർട്ടിയായ വെൽഫെയർ പാർട്ടിയെ കുറിച്ച് സമസ്ത അംഗമായ ഉമ്മർ ഫൈസി മുക്കം പറഞ്ഞത് അദ്ദേഹത്തിന്‍റെ വ്യക്തിപരമായ നിലപാടാണ്. രാഷ്ട്രീയപാർട്ടികൾക്ക് ആർക്കും ആരോടും കൂട്ടുകൂടാം, സഖ്യം ചേരാം. അത് സമസ്തയുടെ വിഷയമല്ലെന്നും തങ്ങൾ പറയുന്നു.
ലീഗ് അവരുടെ ആളുകളെ മാത്രമാണ് നിയന്ത്രിക്കുന്നത്. സമസ്തയുടെ ആളുകളെ നിയന്ത്രിക്കുന്നത് സമസ്ത തന്നെയാണ്. സമസ്തയുടെ നിലപാട് സമസ്തയുടെ അദ്ധ്യക്ഷനും ജനറൽ സെക്രട്ടറിയും പറയുന്നതാണ്. ആ അധികാരത്തിൽ ആർക്കും ഇടപെടാൻ അധികാരമില്ല. മായിൻ ഹാജി സമസ്തയെ നിയന്ത്രിക്കുന്ന വ്യക്തിയല്ല. സമസ്തക്ക് സ്വതന്ത്ര നിലപാടാണ്. മതപരമായ കാര്യങ്ങളിൽ ലീഗ് സമസ്തയുടെ ഉപദേശം തേടാറുണ്ട്. വെൽഫെയർ പാർട്ടിയുമായി സഖ്യമുണ്ടാക്കിയെങ്കിൽ അതിൽ ലീഗ് സമസ്തയുടെ അഭിപ്രായം തേടിയിട്ടില്ല. ലീഗും സമസ്തയും തമ്മിൽ നല്ല ബന്ധം തന്നെയാണ് ഇപ്പോഴുമുള്ളത് എന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറയുന്നു.