ജിഷ വധക്കേസ് വിധി ഇന്ന്; പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍

പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനി ജിഷ ക്രൂരമായി കൊല്ലപ്പെട്ട കേസിന്റെ വിധി ഇന്ന് പ്രഖ്യാപിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് നാടിനെ നടുക്കിയ കൊലപാതകത്തിന്റെ വിധി പ്രഖ്യാപിക്കുക. പ്രതി അമീറുള്‍ ഇസ്ലാമിന് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ വാദം. അതിക്രൂരവും അത്യപൂര്‍വവുമായ കുറ്റമാണ് പ്രതി ചെയ്തതെന്നും അതിനാല്‍ ഏറ്റവും കൂടിയ ശിക്ഷയായ തൂക്കുകയറിനേക്കാള്‍ കുറഞ്ഞതൊന്നും പ്രതി അര്‍ഹിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.

കൊലപാതകവും അതിക്രൂര പീഢനവും തെളിയിക്കപ്പെട്ട സ്ഥിതിയ്ക്ക് പ്രതി സഹതാപം അര്‍ഹിക്കുന്നില്ലെന്നും വാദിഭാഗം ആവര്‍ത്തിച്ചു. ജിഷയുടെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ വിധി പ്രഖ്യാപിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതിനെ തുടര്‍ന്ന ജിഷയുടെ കുടുംബാംഗങ്ങളും സുഹൃത്തുകളും നാട്ടുകാരുമുള്‍പ്പടെ നിരവധിപേര്‍ കോടതിപരിസരത്ത് എത്തിച്ചേര്‍ന്നിരുന്നു.

അമീറുളിന് അസമീസ് ഭാഷ മാത്രമേ അറിയുകയുള്ളൂവെന്നും ആ ഭാഷ അറിയുന്നവര്‍ കേസ് അന്വേഷിക്കണമെന്നും പ്രതിക്ക് വേണ്ടി ഹാജരായ അഡ്വ. ആളൂര്‍ ആവശ്യപ്പെട്ടിരുന്നു. അമീറുള്‍ ഇസ്ലാമിന് പറയാനുള്ളത് ദ്വിഭാഷിയുടെ സഹായത്തോടെ കോടതി രേഖപ്പെടുത്തി. പ്രതിക്കെതിരെ ദൃക്‌സാക്ഷികള്‍ ഇല്ലെന്നും ശാസ്ത്രീയ തെളിവുകള്‍ പൊലീസ് കെട്ടിച്ചമച്ചതാണെന്നും പ്രതിഭാഗം ആവര്‍ത്തിച്ചു. ശിക്ഷയില്‍ ഇളവ് വരുത്തണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. ഇന്നലെ കോടതിയില്‍ ഹാജരാക്കുമ്പോഴും ജിഷയെ കൊന്നത് താനല്ലെന്നും ആരാണ് കൊന്നതെന്ന് അറിയില്ലെന്നുമാണ് പ്രതി അമീറുള്‍ പറഞ്ഞത്.