പാലായിലെ ജനവിധി പൂര്‍ണമായും മാനിക്കുന്നുവെന്ന് കേരള കോൺഗ്രസ് നേതാവ് ജോസ് കെ മാണി എംപി. പരാജയകാരണം വസ്തുതാപരമായി പരിശോധിച്ചതിന് ശേഷം വീഴ്ചകളുണ്ടെങ്കിൽ തിരുത്തുമെന്ന് തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ജോസ് കെ മാണി മാധ്യമങ്ങളോട് പറഞ്ഞു. ജനവിശ്വാസം വീണ്ടെടുക്കുകയാണ് ഇനി ലക്ഷ്യമെന്നും പരാജയത്തിൽ പതറില്ലെന്നും  ജോസ് കെ മാണി പ്രതികരിച്ചു.

പരാജയത്തിൽ പതറുകയും വിജയിക്കുമ്പോൾ അമിതമായി ആഹ്ലാദിക്കുകയും ചെയ്യുന്നതല്ല രാഷ്ട്രീയമെന്ന് ജോസ് കെ മാണി ഓർമ്മിപ്പിച്ചു. ഐക്യ ജനാധിപത്യ മുന്നണി ഒറ്റക്കെട്ടായാണ് പാലായി പ്രവർത്തിച്ചതെന്നും കേരള കോൺഗ്രസ് നേതാവ് പ്രതികരിച്ചു. മുന്നണിയിലെ പ്രശ്നങ്ങൾ തിരിച്ചടിയായോ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ സംഘനാപരമായ പ്രശ്നങ്ങൾ തിരഞ്ഞെടുപ്പിൽ ബാധിച്ചില്ലെന്നായിരുന്നു പ്രതികരണം.

ബിജെപിയുടെ പതിനായിരത്തോളം വോട്ടുകൾ കുറഞ്ഞിട്ടുണ്ടെന്നും ഇത് എവിടെ പോയെന്ന് പരിശോധിക്കണമെന്നും ജോസ് കെ മാണി പ്രതികരിച്ചു. അതേ സമയം പാ‌ർട്ടിയിലെയും മുന്നണിയിലേയും പ്രശ്നങ്ങളിലേക്ക് കടക്കാനോ പഴിചാരാനോ ജോസ് കെ മാണി തയ്യാറായില്ല. ഐക്യ ജനാധിപത്യമുന്നണി ഒറ്റക്കെട്ടായാണ് മുന്നോട്ട് പോയത്. അതിനകത്ത് മറ്റ് കാര്യങ്ങളൊന്നും ഘടകങ്ങളില്ല. കോൺഗ്രസ് പാർട്ടിയിൽ നിന്നും പൂർണ്ണമായ പിന്തുണ ലഭിച്ചു. ഇങ്ങനെയായിരുന്നു ചോ​ദ്യങ്ങളോടുള്ള പ്രതികരണം.

രണ്ടില ചിഹ്നമില്ലാത്തത് ഒരു ചെറിയ ഫാക്ടറാണെന്ന് ഇതിന് ശേഷം ജോസ് കെ മാണി കൂട്ടിച്ചേർത്തു. പാ‌‌ർട്ടി ചിഹ്നം ലഭിച്ചിരുന്നെങ്കിൽ നന്നായിരുന്നേനെ എന്ന് പറഞ്ഞ ജോസ് കെ മാണി പക്ഷേ വീണ്ടും വിവാദത്തിലേക്ക് പോകാൻ ആ​ഗ്രഹിക്കുന്നില്ലെന്ന് കൂട്ടിച്ചേർത്തു.

ദൈവനിശ്ചയം അം​ഗീകരിക്കുന്നുവെന്നായിരുന്നു സ്ഥാനാ‌‌‌ർത്ഥി ജോസ് ടോമിന്റെ പ്രതികരണം. തിരഞ്ഞെടുപ്പ് അങ്ങോട്ടുമിങ്ങോട്ടുമാകാം പാലായിലെ വോട്ട‌‌ർമാരും ദൈവവും നിശ്ചയിച്ചത് ഇങ്ങനെയാണ്, ഇനിയും ജനങ്ങളോടൊപ്പം ചേ‌‌ർന്ന് പ്രവ‌‍ർത്തിക്കുമെന്നും ജോസ് ടോം കൂട്ടിച്ചേ‌ർത്തു.

പാലായുടെ ചരിത്രത്തിൽ ആദ്യമായാണ് കേരള കോൺഗ്രസുകാരനല്ലാത്ത ഒരു സ്ഥാനാർത്ഥി മണ്ഡലത്തിൽ നിന്ന് വിജയിക്കുന്നത്. ജോസ് കെ മാണിയുടെ ബൂത്തിൽ പോലും ടോം മാണി സി കാപ്പന് പിന്നിലായിരുന്നു, ജോസ്.  വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ പോലും മാണി സി കാപ്പൻ പിന്നിലായില്ല, യുഡിഎഫിന്റെ ശക്തമായ കോട്ടകളിൽ പോലും കൃത്യമായ ലീഡ് മാണി സി കാപ്പൻ നേടിയെടുത്തു.