എല്‍ഡിഎഫില്‍ സംതൃപ്തര്‍, മുന്നണി വിടാന്‍ ഞങ്ങളില്ല; വാര്‍ത്തക്ക് പിന്നില്‍ യുഡിഎഫിനെ സഹായിക്കാനുള്ള അജണ്ടയെന്ന് ജോസ് കെ മാണി

കേരള കോണ്‍ഗ്രസ് മാണി വിഭാഗം ഇടതു മുന്നണി വിടുന്നുവെന്ന വാര്‍ത്ത വെറും സൃഷ്ടി മാത്രമെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ മാണി. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് അഭ്യൂഹങ്ങള്‍ മാത്രമാണ് എന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ ഇടത് മുന്നണിയുടെ അവിഭാജ്യ ഘടകമാണ് ഞങ്ങള്‍. മുന്നണി മാറ്റം സംബന്ധിച്ച് ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല. രഹസ്യമായും പരസ്യമായും ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല. യുഡിഎഫിനെ സഹായിക്കാനുള്ള അജണ്ടയാണ് വാര്‍ത്തക്ക് പിന്നിലെന്നും ജോസ് കെ. മാണി ആരോപിച്ചു. എല്‍ഡിഎഫിനെ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളാണ് മുന്നോട്ടുകൊണ്ടുപോകുന്നത്. എല്‍ഡിഎഫിനൊപ്പം ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

അന്തരീക്ഷത്തില്‍ നിന്ന് സൃഷ്ടിച്ച ഈ വാര്‍ത്ത സത്യവിരുദ്ധമാണ്. വ്യക്തമായ അജണ്ട ഇതിനു പിന്നിലുണ്ടെന്നും അത് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമസഭാ സീറ്റുകള്‍ സംബന്ധിച്ച് ധാരണയായാല്‍ യു.ഡി.എഫിലേക്ക് തിരിച്ചെത്താമെന്ന നിലപാടിലാണ് കേരള കോണ്‍ഗ്രസ്(എം) എന്നതായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍. ഇതിനെതിരെയാണ് ജോസ് കെ മാണി ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്.

കഴിഞ്ഞ 60 വര്‍ഷമായി കേരള രാഷ്ട്രീയത്തെ മുന്നോട്ടു നയിച്ച കേരള കോണ്‍ഗ്രസ് എം മുന്നണി മാറാന്‍ പോകുന്നു എന്ന അതീവ ഗൗരവകരമായ ഒരു വാര്‍ത്ത സൃഷ്ടിക്കുന്നതിന് മുമ്പ് സാധാരണഗതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ നടത്താറുള്ള പ്രാഥമികമായ സ്ഥിരീകരണം പോലും ഇതുമായി ബന്ധപ്പെട്ടവര്‍ നടത്തിയിട്ടില്ല.
യുഡിഎഫിലേക്ക് ഉള്ള മടങ്ങിപ്പോക്ക് കേരള കോണ്‍ഗ്രസിന്റെ അജണ്ടയില്‍ പോലുമില്ല. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ അവിഭാജ്യ ഘടകമായ കേരള കോണ്‍ഗ്രസ് എം മുന്നണിയെ ശക്തിപ്പെടുത്തി മുന്നോട്ടുപോകുക പോകുക തന്നെ ചെയ്യും.

ഈ വാര്‍ത്ത ആരംഭിക്കുന്നത് കേരള കോണ്‍ഗ്രസ് കേരള രാഷ്ട്രീയത്തില്‍ മുന്നണി മാറുന്ന ശീലമുള്ള ഒരു പാര്‍ട്ടി എന്ന് പറഞ്ഞു കൊണ്ടാണ് .എല്ലാവര്‍ക്കും അറിയാവുന്നതുപോലെ കേരള കോണ്‍ഗ്രസ് എം നെ 2020 ജൂണ്‍ മാസം 29ന് അന്നത്തെ യുഡിഎഫ് കണ്‍വീനറായ ബെന്നി ബഹനാന്‍ പത്രസമ്മേളനം നടത്തി പുറത്താക്കിയതാണ്. വസ്തുത ഇതായിരിക്കെ ഇത് സംബന്ധിച്ച വാര്‍ത്തയുടെ ആമുഖം നീണ്ട 40 വര്‍ഷത്തോളം യുഡിഎഫിനോടൊപ്പം ഉറച്ചുനിന്ന മാണി സാറിനെ തന്നെ അവഹേളിക്കുന്നതും ചരിത്രത്തെ തന്നെ നിഷേധിക്കുന്നതുമാണ്. ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചുകൊണ്ട് യുഡിഎഫിനെ സഹായിക്കുന്ന ഇത്തരം വ്യാജ വാര്‍ത്തകളും പ്രചരണങ്ങളും പാര്‍ട്ടി പൂര്‍ണമായും തള്ളുന്നുവെന്നും ജോസ് കെ മാണി പറഞ്ഞു.