വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം സി ജോസഫൈന്‍റെ വിവാദ പരാമര്‍ശം ഇന്ന് ചേരുന്ന സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്യും. വിവാദമുണ്ടാകാനിടയായ സാഹചര്യം ജോസഫൈന്‍ സെക്രട്ടേറിയറ്റില്‍ വിശദീകരിക്കുമെന്നാണ് വിവരം. വിവാദത്തിൽ സി പി എം നേതൃത്വം കടുത്ത അതൃപ്‌തിയിലാണ്. ജോസഫൈന്‍റെ പരാമര്‍ശങ്ങള്‍ സര്‍ക്കാരിനും പാര്‍ട്ടിക്കും അവമതിപ്പുണ്ടാക്കിയെന്നാണ് സിപിഎം വിലയിരുത്തല്‍. ജോസഫൈന്‍റെ വിശദീകരണം തേടിയ ശേഷമായിരിക്കും തുടര്‍ നടപടികളിലേക്ക് പാർട്ടികടക്കുക.
സ്ത്രീസുരക്ഷയ്ക്ക് വലിയ പ്രാധാന്യം നല്‍കുമെന്ന വാഗ്ദാനമാണ് ഇടത് മുന്നണി നല്‍കാറുള്ളത്.അങ്ങനെയൊരു സര്‍ക്കാരിന്‍റെ കാലത്ത് മാനസിക പീഡനം നേരിട്ട ഒരു സത്രീയോട് പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗവും വനിത കമ്മീഷന്‍ അധ്യക്ഷയുമായി എം.സി ജോസഫൈൻ ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്തിയതിനോട് യോജിക്കാന്‍ കഴിയിലെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്.
ഇടത് ക്യാമ്പിൽ നിന്നുവരെ വൈകാരിക പ്രകടനമുണ്ടായ വിഷയത്തില്‍ ജോസഫൈനെതിരെ നടപടി വേണമെന്നാണ് ചില സി പി എം നേതാക്കളുടെയടക്കം ആവശ്യം. തത്സമയ ഫോണ്‍ ഇന്‍ പ്രോഗ്രാമില്‍ അദ്ധ്യക്ഷ പങ്കെടുത്തതിലും പാർട്ടിക്കുളളിൽ എതിരഭിപ്രായമുണ്ട്. ജോസഫൈന് പറയാനുള്ളത് കേള്‍ക്കട്ടെ, അതിനുശേഷമാകാം പാര്‍ട്ടി നിലപാട് പരസ്യമാക്കുന്നത് എന്നാണ് നേതാക്കള്‍ ഇന്നലെ പറഞ്ഞത്.
പാര്‍ട്ടി അണികളില്‍ പോലും രോഷമുണ്ടാക്കിയ സംഭവം ചര്‍ച്ച ചെയ്യാനാണ് സി.പി.എം നീക്കം. രാവിലെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് ഇക്കാര്യം പരിശോധിച്ചേക്കും. അഞ്ച് വര്‍ഷം കഴിഞ്ഞത് കൊണ്ട് കമ്മീഷന്‍ അദ്ധ്യക്ഷയെ മാറ്റാനുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിക്കുള്ളില്‍ ഉണ്ടായിരിന്നു.വിവാദ പരാമര്‍ശത്തിന്‍റെ അടിസ്ഥാനത്തില്‍ ജോസഫൈന്‍റെ സ്ഥാനചലനം വേഗത്തിലുണ്ടായേക്കും.
ക്ഷീണിതയായത് കൊണ്ടും, സംസാരം ഉച്ചത്തില്‍ കേള്‍ക്കാത്തത് കൊണ്ടും അമ്മയുടെ സ്വാതന്ത്യത്തോടെയാണ് സംസാരിച്ചതെന്നുമായിരുന്നു ജോസഫൈന്‍ കഴിഞ്ഞ ദിവസം നല്‍കിയ വിശദീകരണം.