മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടിത്തിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെ ഒന്നാം പ്രതിയും സുഹൃത്ത് വഫ ഫിറോസിനെ രണ്ടാംപ്രതിയുമാണ്. പ്രത്യേക അന്വേഷണ സംഘമാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെയോടെ തിരുവനന്തപുരം മ്യൂസിയത്തിന് സമീപത്തുവെച്ചാണ് കെഎം ബഷീറിന്റെ ബൈക്കില്‍ ശ്രീറാമും വഫയും സഞ്ചരിച്ച കാറിടിച്ചത്. മദ്യലഹരിയിലായിരുന്ന ശ്രീറാമാണ് വാഹനമോടിച്ചതെന്നായിരുന്നു വാഹന ഉടമയായ വഫ ഫിറോസിന്റെ മൊഴി. എന്നാല്‍ വഫയാണ് വാഹനമോടിച്ചതെന്ന് ശ്രീറാം മൊഴി നല്‍കി. അപകടമരണത്തില്‍ പ്രാഥമിക അന്വേഷണം നടത്താനും മറ്റുനടപടികള്‍ പൂര്‍ത്തിയാക്കാനും പോലീസ് വീഴ്ചവരുത്തിയത് ഏറെ വിമര്‍ശനത്തിനിടയാക്കി. അപകടശേഷം ശ്രീറാമിനെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തിരുന്നില്ല.
അപകടത്തിന് പിന്നാലെ ശ്രീറാമിനെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ ശ്രീറാമിനെ തിരിച്ചെടുക്കാന്‍ ചീഫ് സെക്രട്ടറി കഴിഞ്ഞദിവസം ശുപാര്‍ശ നല്‍കിയിരുന്നെങ്കിലും മുഖ്യമന്ത്രി തള്ളിയിരുന്നു. സസ്‌പെന്‍ഷന്‍ കാലാവധി മൂന്നുമാസത്തേക്ക് കൂടി നീട്ടുകയും ചെയ്തു.