വാര്‍ത്താ ചര്‍ച്ചക്കിടെയുണ്ടായ ഒരു പരാമര്‍ശത്തിന്റെ പേരില്‍ ഏഷ്യാനെറ്റിലെ മാധ്യമ പ്രവര്‍ത്തകനായ വിനു വി ജോണിനെ പൊലീസ് ചോദ്യം ചെയ്തതില്‍ പ്രതിഷേധവുമായി കേരള പത്ര പ്രവര്‍ത്തക യൂണിയന്‍. ഇത്തരം സംഭവം കേരളത്തില്‍ മുമ്പുണ്ടാകാത്തതാണ്. മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ പ്രതിജ്ഞ ബദ്ധമായ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടായ ഈ നടപടി അപലപനീയമാണ്. ഈ കേസ് അവസാനിപ്പിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അടിയന്തര നടപടി ഉണ്ടാകണമെന്ന് യൂണിയന്‍ സംസഥാന പ്രസിഡന്റ് എം വി വിനീതയും ജനറല്‍ സെക്രട്ടറി ആര്‍ കിരണ്‍ ബാബുവും പ്രസ്താവനയില്‍ ആവശ്യപെട്ടു.
അതേസമയം, ഏഷ്യാനെറ്റ് വാര്‍ത്താ അവതാരകന്‍ വിനു വി ജോണിനുണ്ടായത് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളക്കുണ്ടായ അതേ അനുഭവമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ . ഏകാധിപത്യത്തിനെതിരെ വെല്ലുവിളിക്കുന്നവര്‍ക്കുണ്ടാകുന്ന അനുഭവമാണ് വിനു വി ജോണിനുണ്ടായത്, ഭയപ്പെടുത്തി വായടപ്പിക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും വി ഡി സതീശന്‍ പറഞ്ഞു.
സത്യം വിളിച്ചു പറയുന്നവരെ ഭയപ്പെടുത്താനാണ് സര്‍ക്കാരും പാര്‍ട്ടിയും ശ്രമിക്കുന്നത്. ബി ബി സിക്കെതിരെ നടന്ന റെയ്ഡില്‍ പ്രതിഷേധിക്കുകയും എന്നാല്‍ കേരളത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ വായടപ്പിക്കാന്‍ അവരുടെ മേല്‍ കേസ് ചുമത്തുകയുമാണ് ഈ സര്‍ക്കാര്‍ ചെയ്യുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.
സി ഐ ടി യു നേതാവ് ഇളമരം കരീം നല്‍കിയ പരാതിയില്‍ പൊലീസ് നോട്ടീസ് കൊടുത്തതനുസരിച്ച വിനു വി ജോണ്‍ ഇന്ന് രാവിലെ 11 ന് തിരുവനന്തപുരം കന്റോണ്‍മെന്റ് സ്റ്റേഷനില്‍ ഹാജരായി . ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ തികച്ചും വസ്തുതകള്‍ക്ക് അനുസൃതമായി മാത്രമാണ് താന്‍ സംസാരിച്ചതും പ്രവര്‍ത്തിച്ചതുമെന്ന് വിനു വി ജോണ്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.