ജോയ് മാത്യു ചോദിക്കുന്നു: 'സ്വന്തം തന്തയെ വേണ്ടാത്ത മക്കളെ എന്തിന് ചുമക്കണം'

സ്വന്തം തന്തയെ വേണ്ടാത്ത മകളെ തന്ത എന്തിന് ചുമക്കണമെന്ന ചോദ്യവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ഹാദിയാ കേസിനെ പരോക്ഷമായി പരാമര്‍ശിച്ചുകൊണ്ടുള്ള ജോയ് മാത്യുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

ജോയ് മാത്യു ചോദിക്കുന്നത് ഇങ്ങനെയാണ്.

അഛനാണോ കാമുകനാണോ വലുത് എന്നത് എക്കാലത്തേയും (പ്രത്യേകിച്ച് മലയാള സാഹിത്യത്തിലും സിനിമയിലേയും) പ്രശ്‌നം തന്നെ. എന്നാല്‍ സ്വന്തം തന്തയെ വേണ്ടാത്ത മക്കളെ എന്തിനു ഒരു തന്ത ചുമക്കണം എന്നതാണു ഇന്നു എന്റെ ഉറക്കം കെടുത്തുന്ന ചിന്ത നിങ്ങളുടേയോ?

ഇന്നലെ സുപ്രീംകോടതിയില്‍ ഹാജരായ ഹാദിയ തനിക്ക് ഭര്‍ത്താവിന്റൊപ്പം പോകണമെന്നും പഠനം തുടരണമെന്നും ആവശ്യപ്പെട്ടിരുന്നു. വൈക്കത്തെ വീട്ടില്‍ അച്ഛന്റെ തടവറയിലായിരുന്നു താനെന്നും തനിക്ക് സ്വാതന്ത്ര്യം വേണമെന്നും ഹാദിയ പറഞ്ഞിരുന്നു. അതിന്റെ ചുവട് പിടിച്ചാണ് ജോയ് മാത്യുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

അതിന് താഴെയുള്ള കമന്റുകളില്‍ കേരളത്തിലെ അച്ഛന്‍ അമ്മമാര്‍ ഹാദിയയുടെ നിലപാടില്‍ തരിച്ച് നില്‍ക്കുകയാണെന്നും ഒരച്ഛനും സഹിക്കാന്‍ കഴിയാത്തതാണ് ഹാദിയ ചെയ്തതെന്നുമുള്ള കാര്യങ്ങള്‍ ചിലര്‍ പറയുമ്പോള്‍ മറുവാദം ഉന്നയിക്കുന്നവര്‍ ചൂണ്ടികാണിക്കുന്നത് ഹാദിയയുടെ വ്യക്തിസ്വാതന്ത്ര്യമാണ്. പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് ഏതു മതം സ്വീകരിക്കാനും ഏതൊരാളെ വിവാഹം കഴിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ടെന്നും അതിനെ തടയാന്‍ ആര്‍ക്കും കഴിയില്ലെന്നും അവര്‍ പറയുന്നു.