വിധിയെഴുത്തിന് മണിക്കൂറുകൾ മാത്രം; വയനാടും ചേലക്കരയും നാളെ പോളിങ് ബൂത്തിലേക്ക്

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാടും ചേലക്കരയും നാളെ പോളിങ് ബൂത്തിലേക്ക്. ചേലക്കരയില്‍ യു ആര്‍ പ്രദീപാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. രമ്യ ഹരിദാസ് യുഡിഎഫിന് വേണ്ടി മത്സരിക്കുന്ന മണ്ഡലത്തില്‍ കെ ബാലകൃഷ്ണന്‍ ആണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥി. അതേസമയം വയനാട് ലോക്സഭാ മണ്ഡലത്തില്‍ യുഡിഎഫിനായി പ്രിയങ്ക ഗാന്ധിയാണ് ഇക്കുറി തിരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങുന്നത്. സത്യന്‍ മൊകേരിയാണ് എല്‍ഡിഎഫിനായി മത്സരിക്കുന്നത്. നവ്യ ഹരിദാസാണ് ബിജെപി സ്ഥാനാര്‍ത്ഥി.

അതേസമയം ചേലക്കര മണ്ഡലത്തിലെ 85 വയസ്സ് കഴിഞ്ഞ വയോജനങ്ങളും ഭിന്നശേഷിക്കാരും വീട്ടിലിരുന്ന് വോട്ട് രേഖപ്പെടുത്തി. ആകെ 1375 വോട്ടാണ് ഇങ്ങനെ രേഖപ്പെടുത്തിയത്. മൊത്തം 1418 വോട്ടാണ് ഈ വിഭാഗത്തിലുണ്ടായിരുന്നത്. 85 കഴിഞ്ഞ 961 പേരില്‍ 925 പേര്‍ വോട്ടു രേഖപ്പെടുത്തി. പ്രത്യേക പരിഗണന ലഭിച്ച 457 ഭിന്നശേഷിക്കാരില്‍ 450 പേരും വോട്ട് ചെയ്തു. വോട്ട് ചെയ്യുന്നത് വീഡിയോയില്‍ പകര്‍ത്തി. ശേഷിച്ച 43 പേര്‍ക്ക് ഇനി ബൂത്തില്‍ ചെന്നു വോട്ട് ചെയ്യാനാവില്ല. വടക്കാഞ്ചേരി ട്രഷറിയിലാണ് ഈ 1375 വോട്ടുകള്‍ സൂക്ഷിച്ചിരിക്കുന്നത്.

അതേസമയം തിരുവമ്പാടി മണ്ഡലത്തിൽ ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ്യാൻ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വയനാട് ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് നടപടി. നവംബർ 12 വൈകീട്ട് 6 മുതൽ നവംബർ 13 വൈകീട്ട് 6 വരെയാണ് നിരോധനാജ്ഞ. റാലികൾ, പൊതുയോഗങ്ങൾ, ജാഥകൾ എന്നിവ പാടില്ലെന്നാണ് ഉത്തരവ്. ഉത്തരവ് പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ സ്റ്റാറ്റിക് സർവൈലൻസ് സംഘം, ഫ്ലൈയിങ്ങ് സ്‌ക്വാഡ് എന്നിവ രംഗത്തുണ്ടാകും. നിരോധനാജ്ഞ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.

Read more