ഐഎം വിജയന് പൊലീസ് സേനയിൽ സ്ഥാനക്കയറ്റം. വിരമിക്കാൻ ഒരു ദിവസം ബാക്കി നിൽക്കേയാണ് പൊലീസിൽ സ്ഥാനക്കയറ്റം ലഭിച്ചത്. നിലവിൽ മലപ്പുറത്ത് എംഎസ്പിയിൽ അസിസ്റ്റന്റ് കമാൻഡന്റാണ് ഇന്ത്യൻ ഫുട്‌ബോൾ ഇതിഹാസമായ ഐഎം വിജയൻ. ഡെപ്യൂട്ടി കമാൻഡന്റന്റായാണ് സ്ഥാനക്കയറ്റം ലഭിച്ചിരിക്കുന്നത്. ഇന്നും നാളെയും മാത്രമേ ഈ തസ്തികയിൽ ഐഎം വിജയന് പ്രവർത്തിക്കാൻ സാധിക്കുകയുള്ളു.
സ്ഥാനക്കയറ്റം ആവശ്യപ്പെട്ട് ഐഎം വിജയൻ അപേക്ഷ നൽകിയിരുന്നു. പിന്നാലെ സൂപ്പർ ന്യൂമറി തസ്തിക സൃഷ്ടിച്ചാണ് നിയമനം ലഭിച്ചിരിക്കുന്നത്. പുതിയ തസ്തികയിലുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതായിരിക്കും. ദിവസങ്ങൾക്ക് മുമ്പ് പിറന്നാൾ ദിനത്തിലാണ് പൊലീസ് ഐഎം വിജയന്റെ യാത്രയയപ്പ് ചടങ്ങ് നടന്നത്. എംഎസ്പിയിൽ നിന്ന് വിരമിക്കാനായത് തന്നെ സംബന്ധിച്ച് വലിയൊരു ഭാഗ്യമാണെന്നായിരുന്നു അന്ന് ഐഎം വിജയൻ പറഞ്ഞത്.
1987ലാണ് ഐഎം വിജയൻ പൊലീസ് കോൺസ്റ്റബിളായി ജോലിയിൽ പ്രവേശിച്ചത്. 1991ൽ പൊലീസ് വിട്ട് കൊൽക്കത്ത മോഹൻബഗാനിലേക്ക് കളിക്കാൻ പോയെങ്കിലും 1992ൽ പൊലീസിൽ തിരിച്ചെത്തി. 1991 മുതൽ 2003 വരെ 12 വർഷം ഇന്ത്യൻ ഫുട്ബോൾ ടീമിലെ സ്ഥിര സാന്നിധ്യമായിരുന്നു ഐഎം വിജയൻ. മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, ജെസിടി മിൽസ് ഫഗ്വാര, എഫ്സി കൊച്ചിൻ, ചർച്ചിൽ ബ്രദേഴ്സ് തുടങ്ങിയ ക്ലബ്ബുകളിലും കളിച്ചിട്ടുണ്ട്.
Read more
2000- 2004 കാലത്ത് ഇന്ത്യൻ ക്യാപ്റ്റനായും ചുമതലയേറ്റ വിജയൻ 2006ലാണ് പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിടവാങ്ങിയത്. എഎസ്ഐ ആയി തിരികെ പൊലീസിൽ പ്രവേശിക്കുകയും ചെയ്തു. 2021ൽ എംഎസ്പി അസിസ്റ്റന്റ് കമാൻഡന്റ് ആയി സ്ഥാനക്കയറ്റം ലഭിച്ചത്. 2002ൽ അർജുനയും 2025ൽ പത്മശ്രീയും നൽകി ഐഎം വിജയനെ രാജ്യം ആദരിച്ചു.