ഫേയ്‌സ്ബുക്ക് വ്യാജന്‍മാര്‍ ഹൈക്കോടതി ജഡ്ജിയെയും വെറുതെവിട്ടില്ല; പൊലീസ് കമീഷണര്‍ക്ക് പരാതി നല്‍കി ജസ്റ്റിസ് ബി. കെമാല്‍ പാഷ

ഫേയ്‌സ്ബുക്കിലെ വ്യാജന്‍മാര്‍ ഹൈക്കോടതി ജഡ്ജിയെയും വെറുതെവിട്ടില്ല. തന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി കള്ള പ്രചാരണങ്ങള്‍ നടത്തുന്നുവെന്നാരോപിച്ച് ഹൈകോടതി ജഡ്ജി ജസ്റ്റിസ് ബി. കെമാല്‍ പാഷ രംഗത്ത്.

കെമാല്‍ പാഷ എന്ന പേരും ഹൈകോടതിയുടെ വെബ്‌സൈറ്റില്‍നിന്ന് എടുത്ത തന്റെ ചിത്രവും ഉപയോഗിച്ചാണ് അക്കൗണ്ട് തുറന്നതെന്ന് എറണാകുളം റേഞ്ച് ഐ.ജിക്കും സിറ്റി പൊലീസ് കമീഷണര്‍ക്കും നല്‍കിയ പരാതിയില്‍ പറയുന്നു. വ്യാജ അക്കൗണ്ട് നീക്കാന്‍ നടപടി സ്വീകരിക്കണമെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടണമെന്നുമാണ് പരാതിയിലെ മുഖ്യ ആവശ്യം.

കേരളത്തെ പിടിച്ചുകുലുക്കുന്നതും ശ്രദ്ധേമായതുമായ വിധികള്‍ പുറപ്പെടുവിച്ച ജഡ്ജിയാണ് കെമാല്‍ പാക്ഷ. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അദേഹം പുറപ്പെടുവിച്ച വിധികള്‍ വളരെ അധികം ശ്രദ്ധതേടിയിരുന്നു.