അക്രമ സമരത്തിന് ജനങ്ങളെ ഇറക്കാനില്ല; എൻ എസ്എസിന് അന്തസുള്ള നിലപാടെന്ന് കെ ബി ഗണേഷ് കുമാർ

മിത്ത് വിവാദത്തിൽ എൻഎസ്എസ് നിലപാടുകളെ പുകഴ്ത്തി എംഎൽഎ കെ ബി ഗണേഷ് കുമാർ. അക്രമ സമരത്തിന് ജനങ്ങളെ ഇറക്കാനില്ലെന്നുള്ള അന്തസുള്ള നിലപാടാണ് എൻഎസ്എസ് എടുത്തിരിക്കുന്നത്. മുതലെടുപ്പുകൾക്ക് എൻ എസ് എസ് നിന്നു കൊടുക്കില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു.

നിയമപരമായി തെറ്റുകളെ നേരിടുകയെന്നതാണ് എൻ എസ് എസ് നിലപാട്. മിത്ത് വിവാദവുമായി ബന്ധപ്പെട്ട തുടർ സമരപരിപാടികൾ തീരുമാനിക്കാൻ ഇന്ന് ചേർന്ന നായർ സർവീസ് സൊസൈറ്റിയുടെ ഡയറക്ടർ ബോർഡ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു ഗണേഷ് കുമാറിന്റെ വിശദീകരണം.

ഇന്ന് നടന്ന യോഗത്തിൽ എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗവും ഇടതുമുന്നണി ഘടകകക്ഷി നേതാവുമായ ഗണേഷ് കുമാർ പങ്കെടുത്തിരുന്നു. മിത്ത് വിവാദത്തിൽ കൂടുതൽ പരസ്യ പ്രതിഷേധം വേണ്ടെന്ന നിലപാടാണ് എൻഎസ്എസ് യോഗം സ്വീകരിച്ചിരിക്കുന്നത്.

Read more

സ്പീക്കറെ സർക്കാർ ഇടപെട്ടു തിരുത്തിയില്ലെങ്കിൽ നിയമപരമായി മുന്നോട്ടു നീങ്ങാനാണ് നായർ സർവീസ് സൊസൈറ്റിയുടെ ഡയറക്ടർ ബോർഡ് യോഗം തീരുമാനമെന്നാണ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ അറിയിച്ചത്.