കെ ബി ഹെഡ്‌ഗേവാര്‍ പുതിയ തലമുറ മാതൃകയാക്കേണ്ട വ്യക്തിയല്ല; ആര്‍എസ്എസ് സ്ഥാപക നേതാവിനെ സമൂഹത്തിനും മാതൃകയാക്കാന്‍ പറ്റില്ലെന്നും സിപിഎം

പുതിയ തലമുറ മാതൃകയാക്കേണ്ട വ്യക്തിയല്ല കെ ബി ഹെഡ്‌ഗേവാര്‍ എന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി. സമൂഹത്തിന് മാതൃകയാക്കാന്‍ പറ്റിയ വ്യക്തിയല്ല ഹെഡ്‌ഗേവാര്‍ എന്നും അദ്ദേഹം വ്യക്തമാക്കി.

ബ്രീട്ടീഷുകാര്‍ക്കെതിരെ പോരാടാന്‍ പാടില്ലെന്ന് പറഞ്ഞ വ്യക്തിയാണ് ഹെഡ്‌ഗേവാര്‍ എന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. തിരുവനന്തപുരത്ത് റോഡിന് ഹെഡ്‌ഗേവാറിന്റെ പേരിട്ടത് കോണ്‍ഗ്രസും ബിജെപിയും ഒന്നിച്ചാണ് എന്നും, പാലക്കാട് നടക്കുന്ന വിവാദത്തിന് പിന്നിലും ഇവരുടെ ഒത്തു കളിയാണെന്നും എ കെ ബാലനും വ്യക്തമാക്കി.

അതേസമയം, കൊല്ലം പൂരത്തിലെ കുടമാറ്റ ചടങ്ങില്‍ ആര്‍എസ്എസ് സ്ഥാപക നേതാവ് ഹെഡ്‌ഗേവാറിന്റെ ചിത്രം ഉയര്‍ത്തിയതില്‍ പുതിയകാവ് ക്ഷേത്രം കമ്മിറ്റിക്ക് ഗുരുതര വീഴ്ചയുണ്ടായതായി ആശ്രാമം ക്ഷേത്രോപദേശക സമിതി വ്യക്തമാക്കി. സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചു. ഘടക പൂരങ്ങളുമായി ബന്ധപ്പെട്ട ക്ഷേത്ര കമ്മിറ്റികളെ വിളിച്ച് വരുത്തുമെന്നും ക്ഷേത്രോപദേശക സമിതി അറിയിച്ചു.

കുടമാറ്റ വിവാദത്തില്‍ ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം ഉപദേശിക സമിതിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. റിലീജ്യസ് ഇന്‍സ്റ്റിറ്റിയൂഷന്‍ ആക്ട് 3,4,5 വകുപ്പുകള്‍ പ്രകാരം കൊല്ലം ഈസ്റ്റ് പൊലീസ് ആണ് കേസെടുത്തത്. സംഭവത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് റിപ്പോര്‍ട്ട് തേടിയിരുന്നു. കൊല്ലം ദേവസ്വം അസിസ്റ്റന്റ് കമ്മീഷണറോട് അടിയന്തര റിപ്പോര്‍ട്ട് നല്‍കാനായിരുന്നു ദേവസ്വം ബോര്‍ഡ് നിര്‍ദേശം നല്‍കിയത്.

Read more

കൊല്ലം ആശ്രാമം മൈതാനത്ത് നടന്ന പുതിയകാവ് ക്ഷേത്ര ഉത്സവത്തിന്റെ കുടമാറ്റ ചടങ്ങിലാണ് ആര്‍എസ്എസ് നേതാവ് ഹെഡ്ഗേവാറിന്റെ ചിത്രം ഉയര്‍ത്തിയത്. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങള്‍ക്ക് പിന്നാലെ നവോത്ഥാന നായകന്മാരുടെ ചിത്രത്തിനൊപ്പമാണ് ഹെഡ്ഗേവാറിന്റെ ചിത്രവും ഉയര്‍ത്തിയത്. താമരക്കുളം ഭഗവതിക്കാവും പുതിയക്കാവ് ഭഗവതി ക്ഷേത്രവും ചേര്‍ന്നാണ് കുടമാറ്റ ചടങ്ങ് സംഘടിപ്പിച്ചത്. പുതിയക്കാവ് ഭഗവതി ക്ഷേത്രത്തിന്റെ നിയന്ത്രണം ആര്‍എസ്എസിന്റെ കീഴിലാണ്. ആ സാഹചര്യത്തിലായിരിക്കണം ക്ഷേത്രത്തിന്റെ ഭാഗത്തുനിന്നും ഇത്തമൊരു നീക്കം ഉണ്ടായിരിക്കുന്നതെന്നായിരുന്നു ആരോപണം.