ഇന്ത്യയില്‍ സ്ത്രീ യാത്രികര്‍ക്ക് ഏറ്റവും സുരക്ഷ നല്‍കുന്ന സംസ്ഥാനം കേരളമെന്ന് മന്ത്രി; എതിര്‍ത്ത് രമ; ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉയര്‍ത്തിക്കാട്ടെരുതെന്ന് റിയാസ്

ഇന്ത്യയില്‍ സ്ത്രീ യാത്രികര്‍ക്ക് ഏറ്റവും സുരക്ഷ നല്‍കുന്ന സംസ്ഥാനം കേരളമാണെന്ന് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഒരു യാത്രികര്‍ പോലും പ്രയാസം അനുഭവിക്കാതെ സര്‍ക്കാര്‍ നോക്കുന്നുണ്ടെന്ന് യു പ്രതിഭ ചോദിച്ച ചോദ്യത്തിന് ഉത്തരമായി അദേഹം നിയമസഭയില്‍ പറഞ്ഞു. സധൈര്യം സ്ത്രീ സഞ്ചാരികള്‍ക്ക് കേരളത്തിലെത്താം. അതിനായി ടൂറിസ്റ്റ് പൊലീസിങ്ങ് നടപ്പിലാക്കുന്നുണ്ട്. വനിത ക്ലബുകള്‍ മാത്രമായുള്ള യാത്രകള്‍ പുതിയ ട്രെന്‍ഡാണ്. വനിതകള്‍ക്ക് മാത്രമായി ഹോം സ്‌റ്റേകള്‍, വാഹനങ്ങള്‍, ഭക്ഷണശാലകള്‍ എന്നിവ ഒരുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്.

ശുചിമുറികള്‍ എല്ലായിടത്തം സ്ഥാപിക്കും. കോവളത്ത് ഇതിന്റെ മാതൃക സൃഷ്ടിക്കാന്‍ തയാറാവുകയാണ്. അന്താരാഷ്ട്ര നിലവാരത്തില്‍ ശുചിമുറികള്‍ സ്ഥാപിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ബീച്ച് ടൂറിസം കേരളത്തില്‍ നടപ്പിലാക്കും. ഒമ്പത് ജില്ലകളില്‍ ബീച്ച് ടൂറിസം നടപ്പിലാക്കാന്‍ സാധിക്കും. ടൂറിസം വകുപ്പ് ഇതിനായുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന് റിയാസ് പറഞ്ഞു.

കേരളത്തില്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കോഴിക്കോട് ഒരു സര്‍ഫിങ്ങ് സ്‌കൂള്‍ ആരംഭിച്ചിട്ടുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം ടൂറിസം കേന്ദ്രങ്ങളില്‍ ഉറപ്പാക്കും. വിനോദ സഞ്ചാരികളുടെ കണക്ക് പരിശോധിക്കുമ്പോള്‍ ഏറ്റവും മുന്നിലുള്ളത് സ്ത്രീകളാണ്.

Read more

കേരളത്തില്‍ എന്ത് സുരക്ഷിതമാണ് സ്ത്രീകള്‍ക്ക് നല്‍കുന്നതെന്ന് കെകെ രമ മന്ത്രിയോട് ചോദിച്ചു. ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉയര്‍ത്തിക്കാട്ടരുതെന്ന് മന്ത്രി പറഞ്ഞു. നല്ല സുരക്ഷ സര്‍ക്കാര്‍ നല്‍കുന്നുണ്ട്. കേരളത്തിലേക്ക് വരുന്ന സ്ത്രീകളെ സഹോദരിമാരെ പോലെയാണ് കരുതുന്നത്. കേരളം സുരക്ഷിതമല്ലെന്ന് പറഞ്ഞ് പോകുന്നത് ശരിയല്ല. ഇന്ത്യയില്‍ സത്രീകള്‍ക്ക് ഏറ്റവും സുരക്ഷ നല്‍കുന്ന കേരളമാണെന്നും അദേഹം എടുത്തു പറഞ്ഞു.