അനധികൃത സ്വത്തുസമ്പാദന കേസിൽ മുസ്ലിം ലീഗ് നേതാവ് കെ. എം ഷാജിയെ വിജിലൻസ് ചോദ്യം ചെയ്യുന്നു. കോഴിക്കോട് വിജിലൻസ് ഓഫീസിലാണ് ചോദ്യം ചെയ്യൽ. വിജിലൻസ് റെയ്‌ഡിൽ പിടിച്ചെടുത്ത പണത്തിന്റെ രേഖകൾ കെ. എം ഷാജി ഹാജരാക്കിയതായാണ് റിപ്പോർട്ട്.
കേസിൽ ഇത് രണ്ടാം തവണയാണ് കെ. എം ഷാജിയെ വിജിലൻസ് ചോദ്യം ചെയ്യുന്നത്. ഈ മാസം പതിനാറിന് ചോദ്യം ചെയ്യലിന് വിജിലൻസിന് മുന്നിലെത്തിയപ്പോൾ രേഖകൾ ഹാജരാക്കാൻ ഒരാഴ്ചത്തെ സാവകാശം കെ.എം. ഷാജി തേടിയിരുന്നു. വിജിലന്‍സ് വീട്ടിൽ നിന്ന് കണ്ടെടുത്ത 47 ലക്ഷത്തിലധികം രൂപ തിരഞ്ഞെടുപ്പ് ചെലവിലേക്ക് ജനങ്ങളിൽ നിന്ന് പിരിച്ചെടുത്തതാണിതെന്നും തെളിവായി റസീറ്റുകള്‍ ഹാജരാക്കുമെന്നും, ഇതിനായി രണ്ട് ദിവസം കൂടി നൽകണമെന്നും ഷാജി വ്യക്തമാക്കിയിരുന്നു. റസീറ്റുകള്‍ ശേഖരിക്കുന്നതിനാണ് രണ്ട് ദിവസത്തെ സാവകാശം തേടിയത്.
2012 മുതൽ 2021 വരെയുള്ള 9 വർഷ കാലഘട്ടത്തിൽ കെ എം ഷാജിക്ക് 166 ശതമാനം അധിക വരുമാനം ഉണ്ടായെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. നിയമസഭാ തിരഞ്ഞെടുപ്പിൽ അഴീക്കോട് മണ്ഡലത്തിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി കെ എം ഷാജി ജനവിധി തേടിയിരുന്നു. ഷാജിയെ നേരത്തേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ചോദ്യം ചെയ്തിരുന്നു.