കേരളത്തിലെ ആഘോഷങ്ങളുടെ അവിഭാജ്യ ഘടകമാണ് വെടിക്കെട്ടെന്ന് കെ മുരളീധരന്‍ എംപി. വര്‍ണങ്ങളൊക്കെ വിടരുന്നത് രാത്രിയല്ലേ കാണാന്‍ പറ്റൂ, രാത്രി നടത്തേണ്ട വെടിക്കെട്ട് പകല്‍ നടത്താന്‍ കഴിയില്ലെന്നും കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കവേ മുരളീധരന്‍ പറഞ്ഞു.
ആരാധനാലയങ്ങളിൽ അസമയത്തുള്ള വെടിക്കെട്ട് പാടില്ലെന്ന ഹൈക്കോടതി നിർദേശത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു മുരളീധരന്‍റെ പ്രതികരണം. എല്ലാ മതങ്ങളുടെ ആഘോഷങ്ങളിലും വെടിക്കെട്ട് നടത്താറുണ്ടെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി. തലസ്ഥാനത്ത് സർക്കാർ സംഘടിപ്പിക്കുന്ന കേരളീയം പരിപാടിയേയും എംപി വിമർശിച്ചു.
അവിടെ ജനങ്ങൾ വരുന്നത് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാണാനല്ല കലാപരിപാടി കാണാനാണെന്നും മുരളീധരൻ പറഞ്ഞു. കേരളീയം കാണാന്‍ പോയാല്‍ ബിസ്‌ക്കറ്റും ചായയും ലഭിക്കും. എന്നാല്‍, റേഷന്‍ കടകളിലും സപ്ലൈക്കോയിലും സാധനങ്ങളില്ല. കലാപരിപാടികൾ ജനങ്ങൾ കാണുന്നത് അവരുടെ പ്രയാസങ്ങള്‍ മറക്കാനാണ്. ലൈറ്റ് ഇട്ടാല്‍ കാശ് കൂടുതല്‍, വെള്ളമെടുത്താല്‍ കാശ് കൂടുതല്‍. ഈ ദുരിതങ്ങളൊക്കെ മറക്കാന്‍ ഒരു നൃത്തം കാണാം. ഒരു ഗാനമേള വയ്ക്കാം എന്ന് കരുതുന്നത് നല്ല കാര്യമാണ്, മുരളീധരൻ പറഞ്ഞു.