തൃശൂര്‍പൂരം അലങ്കോലപ്പെടുത്തിയതുമായി ബന്ധപ്പെട്ട എഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ടിന് വിശ്വാസതയില്ലെന്ന് കെ.മുരളീധരന്‍. പൂരം അലങ്കോലമാക്കിയതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും സംഭവത്തില്‍ ജൂഡിഷ്യല്‍ അന്വേഷണം വേണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.
‘ബാഹ്യ ഇടപെടല്‍ ഇല്ലെന്ന കണ്ടെത്തല്‍ അംഗീകരിക്കാനാകില്ല. സുരേഷ് ഗോപി എങ്ങനെ സേവ ഭാരതിയുടെ ആംബുലന്‍സില്‍ എത്തി. പൂരം കലങ്ങിയതാണ് രാഷ്ട്രീയ ചിത്രം മാറ്റിയത്. എന്തുകൊണ്ട് ജുഡീഷ്യല്‍ അന്വേഷണം നടത്തിക്കൂടാ. എല്ലാവരും ഇതേ ആവശ്യം പറയുമ്പോള്‍ മുഖ്യമന്ത്രിക്ക് എന്തിനാണ് ഇത്ര പിടിവാശി.’
എങ്ങനെ ബിജെപിയെ ജയിപ്പിക്കാം എന്ന ചര്‍ച്ചയാകാം നടന്നത്. ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞിരുന്നു, അല്ലെങ്കില്‍ അതും കലക്കിയേനെ. തൃശൂരില്‍ സിപിഎമ്മിന് ഗുണം ലഭിച്ചു എന്നതിന്റെ തെളിവാണ് കരുവന്നൂര്‍ കേസില്‍ അനക്കം ഇല്ലാത്തതെന്നും മുരളീധരന്‍ പറഞ്ഞു.
അന്വേഷണ റിപ്പോര്‍ട്ട് വി.എസ്.സുനില്‍കുമാറും തള്ളിക്കളഞ്ഞു. പൂരം സ്വാഭാവികമായി മുടങ്ങുന്ന സാഹചര്യമില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. പൂരം അലങ്കോലമാക്കിയതിന് പിന്നില്‍ ബാഹ്യ ഇടപെടല്‍ ഇല്ലെന്ന റിപ്പോര്‍ട്ട് അംഗീകരിക്കാനാവില്ല. ഒരു കമ്മീഷണര്‍ മാത്രം വിചാരിച്ചാല്‍ പൂരം കലങ്ങില്ല. ഇതിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തൃശൂര്‍ പൂരം അലങ്കോലമായതില്‍ ബാഹ്യശക്തികളുടെ ഇടപെടലോ ഗൂഢാലോചനയോ ഇല്ലെന്നാണ് എഡിജിപി എം ആര്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ട്. സംഭവിച്ചത് സിറ്റി പൊലീസ് കമ്മീഷണര്‍ അങ്കിത് അശോകിന് ഏകോപനത്തില്‍ ഉണ്ടായ പാളിച്ച മാത്രമാണെന്നാണ് എഡിജിപി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.