കേരളത്തില്‍ ജീവിക്കാന്‍ പറ്റാത്ത അവസ്ഥ; മാരകമായ കഞ്ചാവും മയക്കുമരുന്നും സംസ്ഥാനത്ത് വ്യാപകമാണെന്ന് കെ മുരളീധരന്‍

എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ മാതാപിതാക്കള്‍ മക്കളുടെ കൈ കൊണ്ടും മക്കള്‍ മാതാപിതാക്കളുടെ കൈ കൊണ്ടും കൊല്ലപ്പെടുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. അതാണ് കേരളത്തിലെ നിലവിലെ അവസ്ഥയെന്നും കെ മുരളീധരന്‍ പറഞ്ഞു. കേരളത്തില്‍ എല്ലാ മേഖലയിലും ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും മുരളീധരന്‍ വിമര്‍ശനം ഉന്നയിച്ചു.

സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് മുരളീധരന്റെ പ്രസ്താവന. അത്രയേറെ കഞ്ചാവും ലഹരിയും കേരളത്തില്‍ ഒഴുകിക്കൊണ്ടിരിക്കുകയാണ്. കുട്ടികളുടെ അവസ്ഥ എന്താണിവിടെ? ഇന്ന് പരീക്ഷ എഴുതേണ്ട കുട്ടി ജീവിച്ചിരിപ്പുണ്ടോ? എന്താണ് കാരണം എന്ന് ചോദിച്ച മുരളീധരന്‍ കാരണം മയക്കുമരുന്നാണെന്നും അഭിപ്രായപ്പെട്ടു.

മദ്യത്തേക്കാള്‍ മാരകമായ കഞ്ചാവും മയക്കുമരുന്നും ഇന്ന് നമ്മുടെ സംസ്ഥാനത്ത് വ്യാപകമാണ്. ഇന്ന് കുട്ടികള്‍ കൊല്ലണമെന്ന വാശിയിലാണ് ചെയ്യുന്നത്. താമരശേരിയില്‍ ആ കുഞ്ഞ് മരണപ്പെട്ടത് തലയോട്ടി തകര്‍ന്നിട്ടല്ലേ. ആ കൊന്ന കുട്ടിയുടെ പിതാവ്. അയാളാണ് ആയുധം കൊടുത്തയച്ചത്. അയാള്‍ ടിപി ചന്ദ്രശേഖരനെ കൊന്ന കേസിലെ പ്രതികളുടെ കൂടെ നില്‍ക്കുന്ന ചിത്രങ്ങള്‍ വൈറലാണിപ്പോള്‍.

ഇത്തരം സംഭവങ്ങളില്‍ സര്‍ക്കാരിന് ഉത്തരവാദിത്തമില്ലേ എന്നും മുരളീധരന്‍ ചോദിച്ചു. നാട്ടുകാര്‍ക്ക് ജോലി കഞ്ചാവ് പിടിക്കലാണോ? അതിന് ഇവിടെ എക്‌സൈസ് ഇല്ലേ. എന്നിട്ട് ജനങ്ങളോട് പ്രതിജ്ഞയെടുക്കാന്‍ പറയുക. ഈ പ്രതിജ്ഞ എടുത്തിട്ട് വല്ല കാര്യമുണ്ടോയെന്നും മുരളീധരന്‍ ചോദിച്ചു.