അന്‍വറിന്റെ യുഡിഎഫ് പ്രവേശനം അജണ്ടയിലില്ല; ലക്ഷ്യം നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പെന്ന് കെ മുരളീധരന്‍

അന്‍വറിന്റെ യുഡിഎഫ് പ്രവേശനം ഇപ്പോള്‍ അജണ്ടയിലില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് മാത്രമാണ് നിലവിലെ ലക്ഷ്യം. അന്‍വറിന്റെ രാജി സ്വന്തം താത്പര്യമാണെന്നും കെ മുരളീധരന്‍ പറഞ്ഞു. ഇടതുപക്ഷത്തിന്റെ ഭാഗമായി നിന്ന് നിയമസഭയിലെത്തിയ അന്‍വര്‍ രാജിവെച്ചത് നല്ല മാതൃകയെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

അന്‍വറിന്റെ മാതൃക കെ കൃഷ്ണന്‍കുട്ടിക്കും മാത്യു ടി തോമസിനും ബാധകമാണെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ ദേശീയ നേതൃത്വം പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന ദിവസം തന്നെ സ്ഥാനാര്‍ത്ഥിയെയും പ്രഖ്യാപിക്കും. സിറ്റിംഗ് സീറ്റില്‍ മാത്രമേ ജയിച്ചിട്ടുള്ളൂ എന്ന പരാതി നിലമ്പൂരില്‍ പരിഹരിക്കുമെന്നും മുരളീധരന്‍ വ്യക്തമാക്കി.

ആര് പിന്തുണ തന്നാലും സ്വീകരിക്കുമെന്നും മുരളീധരന്‍ പറഞ്ഞു. എംഎല്‍എ സ്ഥാനം രാജിവച്ച അന്‍വര്‍ നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണയ്ക്കുമെന്നും അന്‍വര്‍ വ്യക്തമാക്കിയിട്ടുണ്ട്.