ഉന്നതകുല ജാതന്‍ എന്താണെന്ന് മനസിലായിട്ടില്ല; സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും കേരളത്തിന്റെ ശാപമെന്ന് കെ മുരളീധരന്‍

സുരേഷ്‌ഗോപി പറഞ്ഞ ഉന്നതകുല ജാതന്‍ എന്താണെന്ന് മനസിലായിട്ടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. സുരേഷ് ഗോപി പറഞ്ഞത് സമൂഹം ഗൗരവത്തില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമാണെന്നും മുരളീധരന്‍ പറഞ്ഞു. ജോര്‍ജ് കുര്യനും സുരേഷ് ഗോപിയും കേരളത്തിന്റെ ശാപമായി മാറിയെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

രണ്ട് മന്ത്രിമാരെക്കൊണ്ടും കേരളത്തിന് ഒരു ഉപകാരവുമില്ല. തൃശൂര്‍ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ താന്‍ പരാതി പറഞ്ഞിട്ടില്ല. വസ്തുതകള്‍ മനസിലാക്കാതെ തൃശൂരില്‍ മത്സരിച്ചതാണ് താന്‍ ചെയ്ത തെറ്റ്. ആരുടെയും തലയില്‍ കുറ്റം ചാര്‍ത്താനില്ല. അതുകൊണ്ടാണ് അന്വേഷണം ആവശ്യപ്പെടാതിരുന്നതെന്നും മുരളീധരന്‍ പറഞ്ഞു.

കുറേകാലമായി ഒരു റിപ്പോര്‍ട്ടിലും പാര്‍ട്ടി നടപടി സ്വീകരിച്ചിട്ടില്ല. റിപ്പോര്‍ട്ട് താന്‍ കണ്ടിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ എന്താണ് ഉള്ളതെന്ന് തനിക്ക് അറിയേണ്ടതില്ല. നഷ്ടപ്പെട്ട സീറ്റ് അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചുപിടിക്കണം. ടിഎന്‍ പ്രതാപന്‍ തന്നെ മത്സരിച്ചാല്‍ മാത്രമേ സീറ്റ് തിരിച്ചു പിടിക്കാന്‍ കഴിയുള്ളൂ എന്നാണ് വ്യക്തിപരമായ തന്റെ അഭിപ്രായമെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.