നേതൃത്വത്തിനെതിരെ മുഖം തിരിച്ച് കെ മുരളീധരന്‍; കെപിസിസി-യുഡിഎഫ് നേതൃയോഗത്തില്‍ പങ്കെടുക്കില്ല

കെപിസിസി-യുഡിഎഫ് നേതൃയോഗങ്ങളോട് മുഖം തിരിച്ച് കെ മുരളീധരന്‍. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തൃശൂരിലും ആലത്തൂരും നേരിട്ട തോല്‍വിയെ കുറിച്ച് വിലയിരുത്താനാണ് ഇന്ന് തിരുവനന്തപുരത്ത് കെപിസിസി-യുഡിഎഫ് നേതൃയോഗം ചേരുന്നത്. എന്നാല്‍ കെ മുരളീധരന്‍ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കും.

തൃശൂര്‍ മണ്ഡലത്തിലെ തോല്‍വിയ്ക്ക് പിന്നാലെ താന്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയം ഉപേക്ഷിക്കുന്നതായി കെ മുരളീധരന്‍ പറഞ്ഞിരുന്നു. മുരളീധരനെ അനുനയിപ്പിക്കാന്‍ നേതൃത്വം ശ്രമം നടത്തിയിരുന്നു. മുരളീധരന്റെ തോല്‍വിയ്ക്ക് പിന്നാലെ തൃശൂര്‍ ജില്ലയില്‍ കോണ്‍ഗ്രസില്‍ കടുത്ത വിഭാഗീയത ഉടലെടുത്തിരുന്നു.

വികെ ശ്രീകണ്ഠന്‍ തൃശൂര്‍ ഡിസിസി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ മുരളീധരനെ അനുകൂലിച്ചും പ്രതികൂലിച്ചും പരസ്യ പ്രസ്താവനകള്‍ നടത്തിയ നേതാക്കളെ അധ്യക്ഷന്‍ താക്കീത് ചെയ്തിരുന്നു. അതേസമയം തൃശൂരിലെ തോല്‍വിയെ കുറിച്ച് മുരളീധരന് പറയാനുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് ചേരുന്ന യോഗം തീരുമാനിച്ചിരുന്നു.

എന്നാല്‍ തിരുവനന്തപുരത്ത് ഉണ്ടെങ്കിലും മുരളീധരന്‍ യോഗത്തില്‍ പങ്കെടുക്കില്ല. എന്നാല്‍ തൃശൂരിലെ തോല്‍വി ഏതെങ്കിലും ഒരാളുടെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിക്കുന്നില്ലെന്ന് മുരളീധരന്‍ പറയുന്നു. തൃശൂര്‍ ജയിച്ചാല്‍ മാത്രമേ കേരളത്തില്‍ യുഡിഎഫിന് ഭരിക്കാന്‍ കഴിയൂ. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംഭവിച്ചത് ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കണമെന്ന് നേതൃത്വത്തെ അറിയിച്ചതായും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.