ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് കൊണ്ട് സർക്കാരിനെ വെളുപ്പിച്ചെടുക്കാമെന്നു വിചാരിക്കേണ്ട: കെ.പി.എ മജീദ്

ഇടതുസർക്കാരിന്റെ രാഷ്ട്രീയ പ്രതികാരത്തിന്റെ ഭാഗമാണ് ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റെന്ന് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി കെ.പി.എ മജീദ്. വിജിലൻസിനെയും മറ്റും ഉപയോഗിച്ച് യു.ഡി.എഫ് നേതാക്കളെ വേട്ടയാടാൻ സർക്കാർ പദ്ധതിയുണ്ടെന്ന് മുസ്‌ലിംലീഗ് നേരത്തെ വ്യക്തമാക്കിയിരുന്നു. യു.ഡി.എഫ്, എം.എൽ.എമാരെ ലക്ഷ്യം വെച്ചുകൊണ്ടാണ് സർക്കാർ നീക്കം. എ.കെ.ജി സെന്ററിൽ നിന്ന് കൊടുക്കുന്ന ലിസ്റ്റ് അനുസരിച്ചാണ് ഈ വേട്ടയാടൽ. അധികാര ദുർവിനിയോഗത്തിന്റെ ഈ രാഷ്ട്രീയം ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്ന് ഇടതുപക്ഷത്തെ ഓർമ്മപ്പെടുത്തുകയാണെന്നും കെ.പി.എ മജീദ് പറഞ്ഞു.

ഇബ്രാഹിംകുഞ്ഞിനെ കുടുക്കാൻ നേരത്തെ തന്നെ പദ്ധതിയുണ്ടായിരുന്നു എന്ന് കെ.പി.എ മജീദ് പറഞ്ഞു. പാലത്തിന്റെ ബലക്ഷയം പരിശോധിച്ച ചെന്നൈയിലെ ഐ.ഐ.ടി ലോഡ് ടെസ്റ്റ് നടത്തണമെന്ന് പറഞ്ഞിട്ടും ഹൈക്കോടതി തന്നെ രണ്ടു തവണ ഇക്കാര്യം ആവശ്യപ്പെട്ടിട്ടും സർക്കാർ അനങ്ങിയില്ല. ജനത്തെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിച്ചത്. മൊബിലൈസേഷൻ അഡ്വാൻസ് കൊടുക്കാൻ താഴെ നിന്ന് വന്ന ഒരു ഫയലിൽ ഒപ്പിട്ടതിന്റെ പേരിൽ ഒരു മന്ത്രി പ്രതിയാകുമെങ്കിൽ ഒരുപാട് മന്ത്രിമാർ വെള്ളം കുടിക്കേണ്ടി വരും. സമ്മർദ്ദം സഹിക്കാതെയാണ് വിജിലൻസ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. അറസ്റ്റിന് സാഹചര്യമില്ലെന്നു പറഞ്ഞ അതേ ഏജൻസിയെ ഉപയോഗിച്ചാണ് അറസ്റ്റ് നടത്തുന്നത്. സി.പി.എമ്മും സർക്കാരും ചേർന്നു നടത്തുന്ന ഗൂഢാലോചനയുടെ ഫലമാണിത്.

അഴിമതിയുടെ കൂമ്പാരത്തിൽ നാണംകെട്ട് കിടക്കുന്ന സർക്കാരിനെ ഇതുകൊണ്ട് വെളുപ്പിച്ചെടുക്കാമെന്നു വിചാരിക്കേണ്ടെന്നും കെ.പി.എ മജീദ് പറഞ്ഞു. വരുംദിവസങ്ങളിൽ കൂടുതൽ പ്രതിസന്ധിയിലേക്കാണ് സർക്കാർ നീങ്ങുന്നത്. അറസ്റ്റിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും. ഇടതുസർക്കാരിന്റെ പ്രതികാര രാഷ്ട്രീയത്തിൽ പ്രതിഷേധിച്ച് ഇന്നു വൈകുന്നേരം പഞ്ചായത്ത്, മുനിസിപ്പൽ മേഖലകളിലെ പ്രധാന കേന്ദ്രങ്ങളിൽ യു.ഡി.എഫ് ഘടക കക്ഷികളുടെ പങ്കാളിത്തത്തോടെ മുസ്‌ലിം ലീഗ് പ്രവർത്തകരും പോഷക ഘടകങ്ങളും പ്രതിഷേധ പ്രകടനങ്ങൾ നടത്തണം. അധികാരമുണ്ടെന്നു കരുതി എന്തും ചെയ്യാമെന്നു കരുതേണ്ട. മുസ്‌ലിം ലീഗും യു.ഡി.എഫും ഇടതുസർക്കാരിന്റെ പ്രതികാര രാഷ്ട്രീയത്തെ ശക്തമായി നേരിടുക തന്നെ ചെയ്യുമെന്നും കെ.പി.എ മജീദ് കൂട്ടിച്ചേർത്തു.

Read more

പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ  ബുധനാഴ്ച രാവിലെയാണ്  വിജിലൻസ് അറസ്റ്റ് ചെയ്തത്. ഇബ്രാഹിംകുഞ്ഞ് ചികിത്സയിൽ കഴിയുന്ന കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അറസ്റ്റ്. കേസിൽ അഞ്ചാം പ്രതിയാണ് ഇബ്രാഹിംകുഞ്ഞ്.