സംസ്ഥാന സര്‍ക്കാരിന്റെ കെ ഫോണ്‍ പദ്ധതിയില്‍ അഴിമതി ആരോപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി ഹൈക്കോടതി. നേരത്തെ ഹര്‍ജി പരിഗണിക്കുമ്പോള്‍ കോടതി പ്രതിപക്ഷ നേതാവിനെ വിമര്‍ശിച്ചിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് അഴിമതി നടന്നുവെന്നും സിബിഐ അന്വേഷണം വേണമെന്നുമായിരുന്നു വിഡി സതീശന്റെ ഹര്‍ജി.
നേരത്തെ ഹര്‍ജി പരിഗണിക്കുമ്പോള്‍ ഹര്‍ജിയ്ക്ക് പിന്നിലെ താത്പര്യം പൊതു താത്പര്യമാണോ പബ്ലിസിറ്റിയാണോയെന്നായിരുന്നു കോടതി ചോദിച്ചത്. ലോകായുക്തയ്‌ക്കെതിരെ പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങളും ഇതേ തുടര്‍ന്ന് പിന്‍വലിക്കേണ്ടി വന്നിരുന്നു. ലോകായുക്തയെക്കൊണ്ട് കാര്യമില്ലെന്നും സമീപിച്ചിട്ട് പ്രയോജനമില്ലെന്നുമായിരുന്നു ഹര്‍ജിയില്‍ ഉന്നയിച്ച പരാമര്‍ശം.
ഹര്‍ജിയിലെ പരാമര്‍ശം അനുചിതമാണെന്നും ഉത്തരവാദപ്പെട്ട ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന തലത്തില്‍ ഇത്തരം പരാമര്‍ശങ്ങള്‍ പാടില്ലായിരുന്നെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവ് ഹര്‍ജിയിലെ പരാമര്‍ശങ്ങള്‍ ഒഴിവാക്കിയത്. കെ ഫോണ്‍ സംബന്ധിച്ച കരാറില്‍ അഴിമതിയുണ്ടെന്നായിരുന്നു സതീശന്റെ പ്രധാന വാദം. അതേസമയം 2018 ലെ കരാര്‍ ഇപ്പോള്‍ ചോദ്യം ചെയ്യുന്നതെന്തിനെന്നായിരുന്നു കോടതി ചോദിച്ചത്.