രണ്ടാം പിണറായി സർക്കാരിൽ മുതിര്‍ന്ന സിപിഎം നേതാവ് കെ.രാധാകൃഷ്ണനാണ് ദേവസ്വം, പട്ടികജാതി പട്ടികവർഗ്ഗ വികസനം, പാര്‍ലമെന്ററി കാര്യ വകുപ്പുകള്‍ നല്‍കിയിരിക്കുന്നത്. ഈ പ്രഖ്യാപനത്തിന് പിന്നാലെ ദളിത് വിഭാഗത്തില്‍ നിന്നുള്ള ആദ്യത്തെ ദേവസ്വം വകുപ്പ് മന്ത്രിയാണ് കെ രാധാകൃഷ്ണന്‍ എന്ന തരത്തില്‍ ഉള്ള പ്രചാരണം നടക്കുന്നുണ്ട്. എന്നാൽ ദളിത് വിഭാഗത്തിൽ നിന്നുള്ള നേതാവ് ആദ്യമായിട്ടല്ല ദേവസ്വം വകുപ്പ് മന്ത്രിയാകുന്നതെന്ന് വ്യക്തമാക്കി കുണ്ടറ എം.എൽ.എ പി.സി വിഷ്ണുനാഥ് രംഗത്തെത്തി.
‘1970-77 കാലഘട്ടത്തിലെ സി അച്യുതമേനോന്‍ സര്‍ക്കാറില്‍ ദേവസ്വം വകുപ്പിന്റെ ചുമതല വഹിച്ചത് ദലിത് വിഭാഗത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് വെള്ള ഈച്ചരനായിരുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിളക്കുമാടം പുനര്‍നിര്‍മ്മിച്ചതുള്‍പ്പെടെ ഈ കാലത്തായിരുന്നു. 1977 ലെ ആദ്യത്തെ കെ കരുണാകരന്‍ സര്‍ക്കാറില്‍ ഹരിജന ക്ഷേമത്തിന് പുറമെ ദേവസ്വത്തിന്റെ കൂടി ചുമതല കോണ്‍ഗ്രസിലെ കെ കെ ബാലകൃഷ്ണന് നല്‍കിയിരുന്നു. കോൺഗ്രസ് നേതാവായ ദാമോദരൻ കാളാശ്ശേരി 1978-ലെ പി കെ വാസുദേവൻ നായർ സർക്കാറിൽ ദേവസ്വം വകുപ്പിന്റെ ചുമതല വഹിച്ചു.’ വിഷ്ണുനാഥ് ഫെയ്സ്ബുക്കിൽ കുറിച്ചു. യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിലും ഇതേ വിഷയത്തിൽ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.
പി.സി വിഷ്ണുനാഥിന്റെ ഫേയ്സ്ബുക്ക് കുറിപ്പ്:
കേരള ചരിത്രത്തില്‍ നിര്‍ണായകമായ 1970-77 കാലഘട്ടത്തിലെ സി അച്യുതമേനോന്‍ സര്‍ക്കാറില്‍ ദേവസ്വം വകുപ്പിന്റെ ചുമതല വഹിച്ചത് ദളിത് വിഭാഗത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് വെള്ള ഈച്ചരനായിരുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിളക്കുമാടം പുനര്‍നിര്‍മ്മിച്ചതുള്‍പ്പെടെ ഈ കാലത്തായിരുന്നു.
1977 ലെ ആദ്യത്തെ കെ കരുണാകരന്‍ സര്‍ക്കാറില്‍ ഹരിജന ക്ഷേമത്തിന് പുറമെ ദേവസ്വത്തിന്റെ കൂടി ചുമതല കോണ്‍ഗ്രസിലെ കെ കെ ബാലകൃഷ്ണന് നല്‍കിയിരുന്നു.
കോൺഗ്രസ് നേതാവായ ദാമോദരൻ കാളാശ്ശേരി 1978-ലെ പി കെ വാസുദേവൻ നായർ സർക്കാറിൽ ദേവസ്വം വകുപ്പിന്റെ ചുമതല വഹിച്ചു.
ദേവസ്വം വകുപ്പുകളില്‍ ക്രിയാത്മകമായ പല മാറ്റങ്ങളും നേട്ടങ്ങളും കൈവരിക്കാന്‍ ഇവര്‍ക്ക് സാധിച്ചു.
സംസ്ഥാനത്ത് ആദ്യമായ് പട്ടികജാതി ക്ഷേമ വകുപ്പ് രൂപീകരിച്ചതും സുപ്രധാന വകുപ്പായി അത് ആദ്യമായ് ഏറ്റെടുത്ത് കൈകാര്യം ചെയ്തതും കെ കരുണാകരന്‍ എന്ന മുഖ്യമന്ത്രിയാണ്.
നിയുക്ത മന്ത്രി കെ രാധാകൃഷ്ണന് ആശംസകള്‍…