കെ റെയിലിന്റെ വിശദവിവര റിപ്പോര്‍ട്ട് (ഡിപിആര്‍) വിവരങ്ങള്‍ പുറത്ത്. റിപ്പാര്‍ട്ട് പ്രകാരം കെ റെയില്‍ പദ്ധതി 2025 ലാണ് പൂര്‍ത്തിയാവുക. പദ്ധതിക്കായി 1226.45 ഹെക്ടര്‍ ഭൂമിയാണ് വേണ്ടി വരിക. ഇതില്‍ 1074.19 ഹെക്ടറോളം സ്വകാര്യ ഭൂമിയാണ്. എക്‌സിക്യൂട്ടീവ് സമ്മറിയുടെ വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
കേരളത്തിലെ ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോള്‍ നിലവിലുള്ള റെയില്‍വേ സംവിധാനങ്ങള്‍ അപര്യാപ്തമാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പദ്ധതിക്കായി ഏറ്റെടുക്കുന്ന ഭൂമിയില്‍ 107.98 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമിയാണ്. റെയില്‍വേയുടെ കൈവശമുള്ള 44.28 ഹെക്ടര്‍ ഭൂമിയും കെ റെയിലനായി വേണ്ടിവരും.
190 കിലോമീറ്റര്‍ പാത ഗ്രാമങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. 88 കിലോമീറ്റര്‍ വയല്‍- തണ്ണീര്‍ത്തടങ്ങളിലൂടെയും, 50 കിലോമീറ്റര്‍ ചെറിയ നഗരങ്ങളിലൂടെയും, 40 കിലോമീറ്റര്‍ ഇടത്തരം- വലിയ നഗരങ്ങളിലൂടെയുമാണ് പോകുന്നത്. 60 കിലോമീറ്റര്‍ റെയില്‍വേയുടെ ഭൂമിയിലൂടെയാണ് പാത. കൊച്ചിയിലൂടെ മൂന്ന് കിലോമീറ്റര്‍ പാത കടന്നുപോകും.
കെ റെയില്‍ പാതയില്‍ 11.5 കിലോമീറ്റര്‍ തുരങ്കവും, 13 കിലോമീറ്റര്‍ പാലങ്ങളുമാണ്. മലകള്‍ തുരന്നും, കുന്നുകള്‍ നികത്തിയും വേണം പാത നിര്‍മ്മിക്കാന്‍. ചെലവ് കുറയ്ക്കുന്നതിനാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തറനിരപ്പിന് മുകളില്‍ 88.412 കിലോമീറ്ററും തറനിരപ്പില്‍ 292.728 കിലോമീറ്ററും പാത വരും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ആദ്യ വര്‍ഷത്തില്‍ 2,216 കോടി രൂപയാണ് വരുമാനം പ്രതീക്ഷിക്കുന്നത്.