കെ റെയില്‍ പദ്ധതിയില്‍ മുഖ്യമന്ത്രിക്ക് എതിരെ വിമര്‍ശനവുമായി ഇ. ശ്രീധരന്‍. പദ്ധതിയുമായി മുന്നോട്ട് പോകുന്നത് മുഖ്യമന്ത്രിയുടെ പിടിവാശിയാണ്. പദ്ധതിയുടെ പ്രത്യാഘാതങ്ങളെ കുറിച്ചോ സാങ്കേതികമായ പ്രശ്നങ്ങളെ കുറിച്ചോ ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയെ ബോദ്ധ്യപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എലവേറ്റഡ് പാതയാണ് കേരളത്തിന് അനുയോജ്യമെന്നും നാടിന്റെ ഭാവിക്ക് വേണ്ടിയുള്ള പദ്ധതികള്‍ നടപ്പാക്കുക എന്നതാണ് സര്‍ക്കാരിന്റെ ധര്‍മ്മം എന്നും ഇ ശ്രീധരന്‍ പറഞ്ഞു.
റെയില്‍വേ ഒരു കേന്ദ്ര വിഷയമാണ്. കേന്ദ്രത്തിന്റെ അനുമതി ഇല്ലാതെ ഈ പദ്ധതി നടപ്പാക്കാന്‍ കഴിയില്ല. കെ റെയിലിന് കേന്ദ്രം അനുമതി നല്‍കുമെന്ന് തോന്നുന്നില്ല എന്നും ഇ ശ്രീധരന്‍ പറഞ്ഞു. പദ്ധതിയുടെ പോരായ്മകളും ദൂഷ്യവശങ്ങളും പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി. കെ-റെയിലിന്റെ ഡി.പി.ആര്‍ പുറത്തു വിടാത്തത് ദുരൂഹമാണ്. വലിയ നിര്‍മ്മാണച്ചെലവ് വരുന്ന പദ്ധതിയുടെ ചെലവ് കുറച്ചു കാണിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ചെലവിനെ കുറിച്ച് ജനങ്ങള്‍ മനസ്സിലാക്കും എന്നത് കൊണ്ടാണ് പ്രോജക്ട് റിപ്പോര്‍ട്ട് പുറത്ത് വിടാത്തത് എന്നും ഇ. ശ്രീധരന്‍ ആരോപിച്ചു.
Read more
കെ റെയില്‍ ജനങ്ങള്‍ക്ക് വേണ്ടിയല്ല നടപ്പിലാക്കുന്നത്. അതിന് പിന്നില്‍ മറ്റ് പല ഉദ്ദേശങ്ങളുമാണുള്ളത്. സര്‍ക്കാര്‍ അവര്‍ക്കാവശ്യമുള്ള കാര്യങ്ങള്‍ക്കാണ് മുന്‍ഗണന കൊടുക്കുന്നത് എന്നും ഇ. ശ്രീധരന്‍ പറഞ്ഞു. ജനങ്ങള്‍ക്ക് ആവശ്യമായ പല പദ്ധതികളും നിര്‍ത്തിവെച്ചിരിക്കുകയാണ്. ജനങ്ങള്‍ക്ക് വേണ്ടിയാണ് എങ്കില്‍ നിലമ്പൂര്‍- നഞ്ചന്‍ഗുഡ് റെയില്‍വെ പദ്ധതിയാണ് ആദ്യം നടപ്പിലാക്കേണ്ടത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പാര്‍ട്ടിക്കുള്ളില്‍ തന്നെ പലര്‍ക്കും കെ-റെയില്‍ പദ്ധതിയില്‍ എതിര്‍പ്പുണ്ട്. അതൊന്നും പുറത്തു വരുന്നില്ലെന്നും ശ്രീധരന്‍ പറഞ്ഞു. തന്റെ എതിര്‍പ്പിന് രാഷ്ട്രീയമില്ല എന്നും നാടിന് ഗുണമുള്ള പദ്ധതികളില്‍ രാഷ്ട്രീയം നോക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.