കെ റെയില്‍ പദ്ധതിയെ കുറിച്ച് വിശദമായ പരിശോധന ആവശ്യമാണെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. പദ്ധതിയുടെ ഡിപിആറില്‍ മതിയായ വിവരങ്ങള്‍ ഇല്ലെന്നും വിവരങ്ങള്‍ ആവശ്യപ്പെട്ടിട്ടും കെ റെയില്‍ ഇതുവരെ നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റിന്‍ ഹൈബി ഈഡന്‍ എംപിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
കേരളം നല്‍കിയ ഡിപിആറില്‍ പദ്ധതിയുടെ സാങ്കേതികത സംബന്ധിച്ച് വേണ്ട വിശദാംശങ്ങളില്ല. അലൈന്‍മെന്റ് സ്ലാംഗ്, ബന്ധപ്പെട്ട ഭൂമിയുടെയും സ്വകാര്യ ഭൂമിയുടെയും വിശദാംശങ്ങള്‍, ഇവയിലുള്ള റെയില്‍വേ ക്രോസിംഗുകളുടെ വിവരങ്ങള്‍തുടങ്ങിയ കാര്യങ്ങളെല്ലാം അറിയിക്കാന്‍ കേരളത്തോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യങ്ങളില്‍ വിശദാംശങ്ങള്‍ ലഭിച്ചതിന് ശേഷം കൂടുതല്‍ സാങ്കേതിക പരിശോധനകള്‍ നടത്തേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.
പരിസ്ഥിതിപ്രശ്നങ്ങള്‍ സംബന്ധിച്ചും സംസ്ഥാന സര്‍ക്കാരിന്റെ കടബാധ്യതയെ കുറിച്ചും ആലോചിക്കേണ്ടതുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ കേന്ദ്രത്തിന് ലഭിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
Read more
ആയിരക്കണക്കിന് ഹെക്ടര്‍ കൃഷി യോഗ്യമായ ഭൂമിയും നിരവധി വീടുകളും കടകളുമെല്ലാം പദ്ധതിയുടെ പേരില്‍ നശിപ്പിക്കപ്പെടും. സര്‍ക്കാര്‍ കടക്കെണിയില്‍ ആയിരിക്കുന്ന സാഹചര്യത്തില്‍ പദ്ധതിയുമായി മുന്നോട്ട് പോകേണ്ടത് ആവശ്യമാണോ എന്നും പരാതികളുണ്ടെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു.