കൊച്ചിയ്ക്ക് കാവലായി തോട്ടം തൊഴിലാളികളുടെ മകന്‍; സിറ്റി പൊലീസ് കമ്മീഷണറായി കെ. സേതുരാമന്‍ ചുമതലയേറ്റു; പദവിലേക്കുള്ള യാത്ര ഓരോ മലയാളിക്കും നല്ല പാഠം

കൊച്ചിയെ കാക്കാന്‍ മൂന്നാര്‍ ചോലമല ഡിവിഷനിലെ തേയിലത്തോട്ടം തൊഴിലാളികളുടെ മകന്‍. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി കെ സേതുരാമന്‍ ഐപിഎസ് ഇന്നു ചുമതലയേറ്റു. കൊച്ചി പൊലീസ് കമ്മീഷണറായിരുന്ന സി എച്ച് നാഗരാജുവിനെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായി മാറ്റി നിയമിച്ചതിനെ തുടര്‍ന്നാണ് കെ സേതുരാമന്‍ കൊച്ചി പൊലീസ് കമ്മീഷണറായത്. കൊച്ചിയിലെ ലഹരിമാഫിയയെ കര്‍ശനമായി നേരിടുമെന്ന് ചുമതലയേറ്റ ശേഷം അദേഹം പറഞ്ഞു. മയക്കുമരുന്നിന് ഇനി ഒരു കുട്ടിയും അടിമയാകാന്‍ പാടില്ല എന്നതാണ് പൊലീസിന്റെ നിലപാട്.

അതിനു വേണ്ടി കര്‍ശന നടപടികള്‍ സ്വീകരിക്കും. ഏറ്റവും നല്ല നിയമപാലകര്‍ ഉള്ള സിറ്റിയാണ് കൊച്ചി. അതുകൊണ്ട് തന്നെ നല്ല രീതിയില്‍ തന്നെ മുന്നോട്ട് പോകുമെന്നും കമ്മീഷണര്‍ സേതുരാമന്‍ പറഞ്ഞു. മൂന്നാര്‍ ടാറ്റ ടീ എസ്റ്റേറ്റിലെ ചോലമല ഡിവിഷനിലെ കറുപ്പയ്യയ്ക്കും സുബ്ബമ്മാളുടെയും മകനായി 1973ലാണ് കെ സേതുരാമന്‍ ജനിക്കുന്നത്. മൂന്നാറിലെ തേയിലത്തോട്ടത്തിലെ ലയത്തില്‍ നിന്ന് ജില്ലാ പൊലീസ് മേധാവിയുടെ കസേരയിലേക്കുള്ള യാത്ര ഓരോ മലയാളിക്കുമുള്ള നല്ല പാഠമാണ്.

അഞ്ചാം വയസില്‍ ചോലമല ഡിവിഷനിലെ ഏകാധ്യാപകവിദ്യാലയത്തിലാണ് കെ സേതുരാമന്റെ വിദ്യാഭ്യാസം ആരംഭിക്കുന്നത്. രണ്ടാം ക്ലാസ് വിദ്യാഭ്യാസം പെരിയവാറൈ സ്‌കൂളിലായിരുന്നു. നാലാം ക്ലാസ് കഴിഞ്ഞപ്പോള്‍ മൂന്നാര്‍ ലിറ്റില്‍ ഫ്‌ലവര്‍ ഗേള്‍സ് സ്‌കൂളില്‍ ഒരു വര്‍ഷം. അഞ്ചാം ക്ലാസ് കഴിഞ്ഞാല്‍ പിന്നെ ആണ്‍കുട്ടികള്‍ക്ക് അവിടെ പഠിക്കാന്‍ കഴിയില്ല. തുടര്‍ന്ന് സൈനിക് സ്‌കൂള്‍ പ്രവേശനപരീക്ഷയെഴുതി പാസായി.
തുടര്‍ന്ന് ഉദുമല്‍പ്പേട്ട് അമരാവതി നഗര്‍ സൈനിക് സ്‌കൂളില്‍ ആറാം ക്ലാസില്‍ ചേര്‍ന്നു.

Read more

”സൈനിക് സ്‌കൂളില്‍ ചേര്‍ന്ന ശേഷമാണ് ലോകമെന്തെന്ന് അറിയുന്നത്. ജീവിതത്തിന് ലക്ഷ്യമുണ്ടാകുന്നത്. സൈനിക് സ്‌കൂളിലെ അധ്യാപകര്‍ ശരിക്കും കുട്ടികളെ ലക്ഷ്യ ബോധമുള്ളവരാക്കി വാര്‍ത്തെടുക്കുന്നവരായിരുന്നു. ആറാം ക്ലാസ് കഴിഞ്ഞപ്പോള്‍ തന്നെ സിവില്‍ സര്‍വീസ് നേടാന്‍ എനിക്കു കഴിയും എന്ന് അന്ന് അവിടെ പ്രധാനാധ്യാപകനായിരുന്ന എം.എസ്.ഹൂഡ എന്നെ പറഞ്ഞു വിശ്വസിപ്പിച്ചു. എന്നെ സംബന്ധിച്ചിടത്തോളം അത് അതിമോഹമായിരുന്നെങ്കിലും മനസ്സില്‍ ഒരു വിത്ത് മുളയ്ക്കുകയായിരുന്നു. അത് കരിഞ്ഞു പോകാതെ നോക്കേണ്ടത് എന്റെ മാത്രം ചുമതലയായിരുന്നു. പല തടസങ്ങളുണ്ടായിട്ടും അതു കൃത്യമായി ചെയ്യാന്‍ ഞാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു” ഒരു അഭിമുഖത്തില്‍ കെ സേതുരാമന്‍ വെളിപ്പെടുത്തി. ആറുവട്ടം അദേഹം ഐപിഎസ് പരീക്ഷ ഏഴുതിയെങ്കിലും ശ്രമം വിജയിച്ചില്ല. തുടര്‍ന്ന് 2003 ലാണ് സേതുരാമന്‍ ലക്ഷ്യം നേടുന്നത്. സിവില്‍ സര്‍വീസ് പരീക്ഷയില്‍ ദേശീയ തലത്തില്‍ 322, പട്ടിക വിഭാഗത്തില്‍ 23 എന്നിങ്ങനെ റാങ്കുകള്‍.