തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കുന്ന തൃക്കാക്കരയില്‍ ആംആദ്മിയുടേയും ട്വന്റി 20 യുടേയും വോട്ടുകള്‍ സ്വാഗതം ചെയ്യുന്നുവെന്ന് വ്യക്തമാക്കി കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. തൃക്കാക്കരയില്‍ യുഡിഎഫ് വിജയ പ്രതീക്ഷയിലാണ്. പിടി തോമസിനേക്കാള്‍ ഭൂരിപക്ഷത്തില്‍ ഉമ വിജയിക്കും. തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ആരുടെയും വോട്ട് വേണ്ടെന്ന് പറയില്ലന്നും. എതിരാളിയുടെ വോട്ട് കിട്ടിയാലും വാങ്ങുമെന്നതാണ് രീതിയെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
ജനാധിപത്യ, മതേതര രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലയ്ക്കും വികസനത്തിനുവേണ്ടി കഴിഞ്ഞ കാലങ്ങളില്‍ പരമാവധി പ്രവര്‍ത്തിച്ച പാര്‍ട്ടിയെന്ന നിലയ്ക്കും ഞങ്ങള്‍ അവരുടെ പിന്തുണ തേടുകയാണ്. അവര്‍ക്ക് വോട്ടുചെയ്യാന്‍ സാധിക്കുന്ന ഏറ്റവും നല്ല സ്ഥാനാര്‍ഥിയും മുന്നണിയും യുഡിഎഫും ഉമാ തോമസുമണെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.
ഇടതുപക്ഷവുമായി ആംആദ്മിയും ട്വന്റി 20യും ഒരുകാരണവശാലും സഹകരിക്കാന്‍ സാധ്യതയില്ലെന്ന് വ്യക്തമാക്കിയ സുധാകരന്‍
സ്വാഭാവികമായും ഒരുകാരണവശാലും യോജിക്കാന്‍ പറ്റാത്ത രാഷ്ട്രീയ പ്രസ്ഥാനമാണ് ഇടതുപക്ഷം എന്നും പറഞ്ഞു. എവിടെയെങ്കിലും ഇടതുപക്ഷവുമായി സഹകരിക്കേണ്ട സാഹചര്യം നാക്കുകൊണ്ടോ, വാക്കുകൊണ്ടോ, ചിന്തകൊണ്ടോ ആംആദ്മി പാര്‍ട്ടിയില്‍ ഉണ്ടായിട്ടില്ലെന്നാണ് വിശ്വാസം എന്നും കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ രാഷ്ട്രീയ സാഹചര്യവും ചിന്തകളും വ്യത്യസ്തമാണ്. താത്വിത കാഴ്ചപ്പാടുള്ളതിനാല്‍ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിക്ക് വേഗത്തില്‍ ഇവിടെ പ്രവേശനം ലഭിക്കില്ല. അതുകൊണ്ടുതന്നെ ആംആദ്മി പാര്‍ട്ടിക്ക് വലിയ തോതില്‍ ജനങ്ങളിലേക്ക് കടന്നുകയറാന്‍ പറ്റുമെന്ന് പ്രതീക്ഷിക്കുന്നില്ല. ആംആദ്മി പാര്‍ട്ടിക്ക് ഡല്‍ഹി പോലെ കേരളത്തില്‍ രാഷ്ട്രീയ വേരോട്ടം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു