ലോക്സഭ തിരഞ്ഞെടുപ്പിനുള്ള മുന്നോടിയായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപിയും പ്രതിപക്ഷ നേതാവ് വിഡി സതീശനും സംയുക്തമായി സംസ്ഥാനതല ജാഥ നയിക്കുന്നു. ‘സമരാഗ്‌നി’ എന്ന പേരിലുള്ള സംസ്ഥാനതല ജാഥ ജനുവരി 21ന് കാസർഗോഡ് ജില്ലയിൽ നിന്ന് ആരംഭിച്ച് ഫെബ്രുവരി അവസാനം തിരുവനന്തപുരം ജില്ലയിൽ സമാപിക്കും.
140 നിയമസഭാ മണ്ഡലങ്ങളിലും ജാഥ പര്യടനം നടത്തും. ജാഥയുടെ ക്രമീകരണങ്ങൾക്കായി ജനുവരി 3,4,5 തീയതികളിൽ ജില്ലാതല നേതൃയോഗങ്ങൾ സംഘടിപ്പിക്കും. ഇതിൽ കെപിസിസിയുടെ ഒരു ടീം പങ്കെടുക്കും. നിയോജക മണ്ഡലം അടിസ്ഥാനത്തിൽ അതത് ജില്ലകളുടെ പുറത്തുള്ള 140 പേർക്ക് ചുമതല നൽകും. തിരഞ്ഞെടുപ്പിനെ ശക്തമായി നേരിടാൻ 20 വാർ റൂമുകൾ ലോക്സഭാ മണ്ഡലാടിസ്ഥാനത്തിൽ തുറക്കും. കെപിസിസിയിൽ സെൻട്രൽ വാർ റൂമും പ്രവർത്തിക്കും.
ജനുവരി 7ന് വണ്ടിപ്പെരിയാറിൽ ‘മകളെ മാപ്പ് എന്ന പേരിൽ 5000 വനിതകൾ പങ്കെടുക്കുന്ന ജനകീയ കൂട്ടായ്മ സംഘടിപ്പിക്കാനും തീരുമാനമായി. വണ്ടിപ്പെരിയാറിൽ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ആറു വയസുകാരിയുടെ കുടുംബത്തിന് നീതിയും പ്രതിക്ക് ശിക്ഷയും ഉറപ്പാക്കുക എന്നതാണ് പ്രധാന ആവശ്യം.