എംഎം ഹസനെ തിരുത്തി കെ സുധാകരന്‍; എംഎ ലത്തീഫിനെ തിരിച്ചെടുത്ത നടപടി റദ്ദാക്കി

മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി എംഎ ലത്തീഫിനെ തിരിച്ചെടുത്ത നടപടി റദ്ദാക്കി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പാര്‍ട്ടിയില്‍ വിഭാഗീയ പ്രവര്‍ത്തനം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ലത്തീഫിനെ പാര്‍ട്ടി സസ്‌പെന്റ് ചെയ്തത്. ആറ് മാസത്തേക്കായിരുന്നു എംഎ ലത്തീഫിനെ സസ്‌പെന്റ് ചെയ്തത്.

തുടര്‍ന്ന് സസ്‌പെന്‍ഷന്‍ കാലാവധി അവസാനിക്കാനിരിക്കെ ലത്തീഫിനെ പാര്‍ട്ടിയുടെ അടിസ്ഥാന അംഗത്വത്തില്‍ നിന്നും പുറത്താക്കിയിരുന്നു. കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് എംഎം ഹസന്‍ താത്കാലിക ചുമതല വഹിക്കുമ്പോഴായിരുന്നു ലത്തീഫിനെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തത്. കെ സുധാകരന്‍ വീണ്ടും അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്തിയതോടെ നടപടി റദ്ദാക്കുകയായിരുന്നു.

Read more

പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ തീരദേശ സന്ദര്‍ശനത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ മുതലപ്പൊഴി സന്ദര്‍ശനം തടയാന്‍ ലത്തീഫ് നേതൃത്വം നല്‍കിയെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെ പാര്‍ട്ടി നിയോഗിച്ച അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.