"ഡിസംബറോടെ കേരളത്തിന്റെ കടപൂട്ടും", അടിയന്തരമായി ധവളപത്രം പുറപ്പെടുവിക്കണം; കെ സുധാകരൻ'

സാമ്പത്തിക പ്രതിസന്ധിയിൽ ശ്വാസം മുട്ടുന്ന സംസ്ഥാനത്ത് സര്‍ക്കാര്‍ അടിയന്തരമായി ധവളപത്രം പുറപ്പെടുവിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയത് കേന്ദ്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രം പണം നല്കുന്നില്ലെന്നത് വ്യാജ പ്രചാരണമാണെന്നു കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമനും പരസ്പരം പഴിചാരുകയാണ്. ഈ സാഹചര്യത്തിൽ സത്യാവസ്ഥ മനസിലാക്കാനാണ് ധവളപത്രം പുറപ്പെടുവിക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

സാമ്പത്തിക പ്രതിസന്ധിയുടെ പേരു പറഞ്ഞ് ജനങ്ങളുടെ ആനുകൂല്യങ്ങളാണ് നിഷേധിക്കുന്നത്. അതുകൊണ്ടുതന്നെ പ്രതിസന്ധിയുടെ വ്യക്തമായ വിവരങ്ങൾ ജനങ്ങൾ അടിയന്തരമാണ് അറിയേണ്ടതാണ്.കേന്ദ്രസംസ്ഥാന പദ്ധതികളില്‍ ചാപ്പകുത്തി അതിനെ വോട്ടിനായി വിനിയോഗിക്കുന്നതിനോട് ഒരിക്കലും യോജിക്കാനാകില്ല. ജനങ്ങള്‍ക്ക് നല്കുന്ന ആനുകൂല്യങ്ങള്‍ ഒരു സര്‍ക്കാരിന്‍റേയും സൗജന്യമല്ല. അതീവ ഗുരുതരമായ സാമ്പത്തിക സാഹചര്യത്തിലേക്ക് കേരളം കൂപ്പുകുത്തിയെന്ന പ്രചാരണത്തിലെ നെല്ലും പതിരും തിരിച്ചറിയാന്‍ ധവളപത്രം അനിവാര്യമാണെന്നും കെ സുധാകരന്‍ പറഞ്ഞു.

50 ലക്ഷം ക്ഷേമപെന്‍ഷന്‍കാരില്‍ 8.46 ലക്ഷം പേര്‍ക്കു മാത്രമാണ് കേന്ദ്രം പണം നല്കുന്നതെന്നു പറയുന്ന മുഖ്യമന്ത്രിക്ക് ബാക്കിയുള്ളവരുടെ നാലു മാസത്തെ കുടിശിക വരുത്തിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരും. ക്ഷേമ പെന്‍ഷന്‍ നല്കാന്‍ മാത്രമായി പെട്രോളിയം ഉല്പന്നങ്ങള്‍ക്ക് 2 രൂപ സെസ് ഏര്‍പ്പെടുത്തി പിരിച്ച ശതകോടികള്‍ എവിടെപ്പോയി? ഈ തുക 27 കോടിയുടെ കേരളീയം പരിപാടിക്കും കോടികളുടെ നവകേരള സദസിനുമൊക്കെ വകമാറ്റിയിട്ടുണ്ടോ എന്ന് ധവളപത്രത്തിലൂടെ അറിയാന്‍ കഴിയും.

2023- 24ലെ സിഎജി റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്ത് 28, 258 കോടി രൂപയുടെ നികുതി കുടിശികയുണ്ട്. സംസ്ഥാനത്തിന്റെ റവന്യൂവരുമാനത്തിന്‍റെ 23% വരുമിത്. ഇതില്‍ ഏറ്റവും കൂടുതല്‍ നികുതി കുടിശികയുള്ളത് ജിഎസ്ടി വകുപ്പിനാണ്- 13,410 കോടി രൂപ. കേരളീയം പരിപാടിക്ക് ഏറ്റവും കൂടുതല്‍ സ്‌പോണ്‍സറെ സംഘടിപ്പിച്ചു കൊടുത്തതിന് മുഖ്യമന്ത്രി അവാര്‍ഡ് നല്കിയത് ജിഎസ്ടി അഡീഷണല്‍ കമ്മീഷണര്‍ക്കാണ്. നികുതി പിരിച്ച് ഖജനാവില്‍ അടച്ചില്ലെങ്കിലും കേരളീയം കെട്ടുകാഴ്ചയ്ക്ക് ഏറ്റവും കൂടുതല്‍ പിരിവു നടത്തിയതിനാണ് ഈ അവാര്‍ഡ്. വന്‍കിടക്കാരില്‍നിന്നെല്ലാം പണം പറ്റിയ ജിഎസ്ടി ഉദ്യോഗസ്ഥര്‍ക്ക് കുടിശിക പിരിവും ഇനി അസാധ്യമാകും.

നവകേരളം പരിപാടിക്ക് പണം മുടക്കുന്ന സ്വര്‍ണക്കച്ചവടക്കാര്‍, ബാറുടമകള്‍, ക്വാറി ഉടമകള്‍ തുടങ്ങിയവരില്‍നിന്ന് വലിയ തോതില്‍ നികുതി പിരിച്ചെടുക്കാനുണ്ടെന്നു സിഎജി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സ്വര്‍ണത്തിന്റെ വില 11 മടങ്ങ് വര്‍ധിച്ചിട്ടും ഇപ്പോഴും ഒരു ഗ്രാം സ്വര്‍ണത്തിന് 500 രൂപ മാത്രമാണ് നികുതി. ബാറുകളില്‍ നിന്ന് ശതകോടികള്‍ പിരിച്ചെടുക്കാനുണ്ട്. നികുതി പിരിവില്‍ വലിയ വീഴ്ച വരുത്തിയതോടെ സംസ്ഥാനത്തിനു മുന്നോട്ടു പോകാന്‍ വലിയ തോതില്‍ കടമെടുക്കേണ്ടി വന്നു. 3.90 ലക്ഷം കോടിയാണ് കേരളത്തിന്റെ കടം. ഓരോ കുഞ്ഞും പിറന്നുവീഴുന്നത് ഒരു ലക്ഷത്തിലേറെ കടത്തിലാണ്.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ 2011-16 കാലയളവില്‍ മൊത്തം ആഭ്യന്തര വരുമാനവും സഞ്ചിത കടവും തമ്മിലുള്ള അനുപാതം ധനഉത്തരവാദ നിയമപ്രകാരമുള്ള 29 ശതമാനത്തില്‍ താഴെയായിരുന്നു. 2016 മുതല്‍ ഇത് പരിധി വിട്ടെന്നു മാത്രമല്ല 2023-24ല്‍ ഇത് ആശങ്ക ഉയര്‍ത്തുന്ന 36.5 ശതമാനത്തില്‍ എത്തുകയും ചെയ്തു. കേരളം, രാജസ്ഥാന്‍, ബിഹാര്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ മാത്രമാണ് പരിധി ലംഘിച്ചത് എന്നാണ് റിസര്‍വ് ബാങ്കിന്‍റെ റിപ്പോര്‍ട്ട്. 2000 കോടി രൂപ കൂടി കടമെടുക്കാന്‍ കേന്ദ്രാനുമതി ഇപ്പോള്‍ അനുമതി നല്കിയതോടെ കേരളത്തിന് ഇനി 50 കോടി രൂപ കോടി മാത്രമേ കടമെടുക്കാനാകൂ. ഡിസംബറോടെ കേരളത്തിന്റെ കട പൂട്ടുന്ന അവസ്ഥയിലാണ് കാര്യങ്ങളെന്ന് കെപിസിസി അധ്യക്ഷൻ ചൂണ്ടിക്കാട്ടി

Latest Stories

ചരിത്രത്തിന് തൊട്ടരികിൽ രാഹുൽ, രോഹിത്തിനും കോഹ്‌ലിക്കും സച്ചിനും സ്വന്തമാക്കാൻ സാധിക്കാത്ത അതുല്യ നേട്ടം; പ്രതീക്ഷയിൽ താരം

കോഹ്‌ലിക്ക് ഇപ്പോൾ ഉള്ളത് ഇപിഡിഎസ് സിൻഡ്രോം, അതാണ് അവനെ വലിയ സ്‌കോറിൽ എത്തുന്നതിൽ നിന്ന് തടയുന്നത്; വമ്പൻ വെളിപ്പെടുത്തലുമായി ഇതിഹാസം

BGT 2024: അവസാന മത്സരത്തിൽ ഞാൻ തിളങ്ങാൻ കാരണം ആ മൂന്ന് താരങ്ങളുടെ ഉപദ്ദേശം, അഹങ്കരിക്കരുതെന്നാണ് അവൻ പറഞ്ഞത്: ആകാശ് ദീപ്

കേരളത്തിന് നിരവധി വൈദ്യുതി ആവശ്യങ്ങള്‍; ജലവൈദ്യുത പദ്ധതികള്‍ക്ക് വയബിലിറ്റി ഗ്യാപ്പ് ഫണ്ട് അനുവദിക്കണമെന്ന് മന്ത്രി; വാണിജ്യ നഷ്ടം കുറച്ചതിനെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍