കേരളത്തിൽ കെപിസിസി നേതൃമാറ്റം ഉടനെന്ന് സൂചന. കെ സുധാകരൻ കെപിസിസി അധ്യക്ഷ സ്ഥാനമൊഴിഞ്ഞേക്കും. അധ്യക്ഷ സ്ഥാനത്തേക്ക് അടൂർ പ്രകാശ്, ബെന്നി ബഹനാൻ എന്നിവരുടെ പേരുകൾ പരിഗണനയിലുണ്ടെന്നാണ് വിവരം. അടുത്ത മാസം പ്രഖ്യാപനം ഉണ്ടാകുമെന്നും സൂചനയുണ്ട്.
തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് നേതൃമാറ്റമെന്നാണ് സൂചന. കേരളത്തിലെ സംഘടനയിൽ സമൂല മാറ്റം വേണമെന്ന് ആവശ്യപ്പെട്ടുളള റിപ്പോർട്ട് കോൺഗ്രസ് തിരഞ്ഞെടുപ്പ് ടാസ്ക് ഫോഴ്സ് അംഗം സുനിൽ കനുഗോലു സമർപ്പിച്ചു. കെ സുധാകരനെ ബോധ്യപ്പെടുത്തി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്കിടയിലെ പൊരുത്തമില്ലായ്മ സംഘടനയ്ക്ക് ദോഷം ചെയ്യുമെന്നും റിപ്പോർട്ടിൽ കനഗോലു ചൂണ്ടിക്കാട്ടി. ശനിയാഴ്ച ഡൽഹിയിൽ നടക്കുന്ന യോഗത്തിൽ ഐക്യത്തിന് ഹൈക്കമാൻഡ് ആവശ്യപ്പെടും. അതേസമയം അസമിലും മാറ്റമുണ്ടായേക്കും. അസം സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഗൗരവ ഗോഗോയ് എത്തിയേക്കും. വെള്ളിയാഴ്ച ഡൽഹിയിൽ ചേരുന്ന യോഗം തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യും.
ആറുമാസം മുൻപ എങ്കിലും സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനുള്ള സാധ്യത തേടും. കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാക്കളെ ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുൻ കെപിസിസി പ്രസിഡന്റുമാർ തുടങ്ങിയവരെയാണ് വിളിപ്പിച്ചത്.