'കെ. മുരളീധരനെ അനുനയിപ്പിക്കാൻ കെ. സുധാകരൻ'; കോഴിക്കോട് കൂടിക്കാഴ്ച, കെപിസിസി സ്ഥാനം ആവശ്യപ്പെട്ടേക്കും

കെ. മുരളീധരനെ അനുനയിപ്പിക്കാൻ കെപിസിസി അധ്യക്ഷനും കണ്ണൂർ എം.പിയുമായ കെ. സുധാകരൻ നേരിട്ടെത്തും. ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്നിന് കോഴിക്കോട്ടാണ് ഇരുവരുടെയും കൂടിക്കാഴ്ച. ഉപതിരഞ്ഞെടുപ്പ് നടന്നേക്കാവുന്ന വയനാട് സീറ്റാണ് ഫോർമുലയെങ്കിലും ഇത് മുരളീധരൻ ഏറ്റെടുക്കില്ലെന്നാണ് റിപ്പോർട്ട്. ഇതിനെ തുടർന്നാണ് ഇപ്പോൾ കോൺഗ്രസിന്റെ പുതിയ നീക്കം.

ലോക്സ‌ഭാ തിരഞ്ഞെടുപ്പിൽ മൂന്നാമതായതിനെത്തുടർന്ന് സംഘടനയ്ക്കെതിരേ മുരളീധരൻ രംഗത്തെത്തിയിരുന്നു. പിന്നാലെ യൂത്ത് കോൺഗ്രസുമെത്തി. ഇക്കാര്യങ്ങളും ഇന്ന് ചർച്ചയായേക്കുമെന്നാണ് സൂചന. മുരളീധരന്റെ തോൽവി സംബന്ധിച്ച് ജില്ലാനേതൃത്വത്തോട് വിശദീകരണം തേടുമെന്ന് കെ. സുധാകരൻ വ്യക്തമാക്കി.

അതേസമയം നേരത്തെ വയനാട് ലോക്സഭാ മണ്ഡലത്തിലേക്ക് മുരളീധരനെ പരിഗണിക്കുന്ന കാര്യം പാർട്ടി ആലോചിച്ചിരുന്നു. എന്നാൽ പ്രിയങ്കാ ഗാന്ധിക്ക് അനുകൂലമായി എഐസിസി തീരുമാനം വരാൻ സാധ്യതയുള്ളതിനാൽ കെപിസിസി അധ്യക്ഷസ്ഥാനമായിരിക്കും മുരളീധരൻ ആവശ്യപ്പെടുക. പൊതുജീവിതത്തിൽ നിന്നും വിട്ടുനിൽക്കുമെന്ന് അറിയിച്ച മുരളീധരനെ അനുനയിപ്പിച്ച് തിരികെ കൊണ്ടുവരാനാണ് പാർട്ടി നീക്കം.

ശക്തമായ ത്രികോണമത്സരമെന്നനിലയിൽ രാജ്യം ഉറ്റുനോക്കിയ തൃശ്ശൂരിൽ ബിജെപിയുടെ സുരേഷ് ഗോപി 74686 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു വിജയിച്ചത്. 412338 വോട്ടുകളും അദ്ദേഹം നേടി. അതേസമയം, വൻ വിജയപ്രതീക്ഷയോടെ മത്സരത്തിനിറങ്ങിയ കെ. മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതോടെയാണ് തൃശ്ശൂരിലെ കോൺഗ്രസിൽ കലഹമാരംഭിച്ചത്. ഇപ്പോഴിതാ മുരളീധരനെ അനുനയിപ്പിക്കാൻ പാർട്ടിക്കുള്ളിൽ തിരക്കിട്ട നീക്കങ്ങളാണ് നടക്കുന്നത്.

Read more