സിപിഎമ്മിന്റെ സൈബർ ആക്രമണങ്ങളെ രൂക്ഷമായി വിമർശിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പിണറായി വിജയന്റെ വരവോടെ, സംസ്കാരവും മാന്യതയും മനുഷ്യത്വവും അന്യം നിന്ന് പോയൊരു പാർട്ടിയാണ് സിപിഐഎം എന്നായിരുന്നു സുധാകരന്റെ പ്രതികരണം. എന്നാൽ പിണറായിയെയും കടത്തിവെട്ടുന്ന അത്രയും ക്രൂരതയുള്ള മനുഷ്യ മൃഗങ്ങളാണ് സിപിഐഎമ്മിന്റെ നവമാധ്യമക്കൂട്ടമെന്ന് കേരളം മനസിലാക്കിയിട്ട് കാലം കുറച്ചധികമായെന്നും സുധാകരൻ പറഞ്ഞു.
കോൺഗ്രസ് ഡിജിറ്റൽ മീഡിയ കൺവീനർ ഡോ .സരിനും അദ്ദേഹത്തിന്റെ കുടുംബത്തിനുമെതിരെ സിപിഐഎം നടത്തുന്ന സൈബർ ആക്രമണങ്ങളെ പരാമർശിച്ചായിരുന്നു സുധാകരന്റെ വിമർശനം. കൊച്ചു കുഞ്ഞുങ്ങളെ പോലും ആക്രമിക്കുന്ന മനോരോഗികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കോൺഗ്രസിനറിയാം.കോൺഗ്രസിന്റെ കുട്ടികൾക്കും കുടുംബങ്ങൾക്കും സംരക്ഷണമൊരുക്കാൻ പാർട്ടി മുന്നിട്ടിറങ്ങുമെന്നും സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം;
“പിണറായി വിജയന്റെ വരവോടെ, സംസ്കാരവും മാന്യതയും മനുഷ്യത്വവും അന്യം നിന്ന് പോയൊരു പാർട്ടിയാണ് സിപിഎം. പക്ഷെ വിജയനെയും കടത്തി വെട്ടുന്നത്ര ക്രൂരതയുള്ള മനുഷ്യ മൃഗങ്ങളാണ് സിപിഎമ്മിന്റെ നവമാധ്യമക്കൂട്ടമെന്ന് കേരളം മനസ്സിലാക്കിയിട്ട് കാലം കുറച്ചധികമായി.
സൈബർ മേഖലയിൽ സിപിഎം ഇതര രാഷ്ട്രീയം സംസാരിക്കുന്ന ഏതൊരു മലയാളിയും സിപിഎം നരഭോജികളുടെ ആക്രമണത്തിന് വിധേയരായിക്കാണും. ഒട്ടേറേ ഗുണപരമായ ചർച്ചകൾ നടക്കേണ്ടുന്നൊരു മേഖലയെ ഇത്രമേൽ മലീമസമാക്കി, വെറുപ്പും കള്ളവും മാത്രം പ്രചരിപ്പിക്കാനാണ് ഇക്കാലമത്രയും സിപിഎം ഈ മേഖല ഉപയോഗിച്ചു പോരുന്നത്.
കോൺഗ്രസ് ഡിജിറ്റൽ മീഡിയ കൺവീനർ ഡോ .സരിനും അദ്ദേഹത്തിന്റെ കുടുംബത്തിനുമെതിരെ സിപിഎം നടത്തുന്ന നീച പ്രചാരണങ്ങൾ കേരളം കണ്ടിട്ടുണ്ടാകും.11 വയസ്സ് മാത്രം പ്രായമുള്ള സരിന്റെ മകളെ പോലും ഏറ്റവും ഹീനമായി അപമാനിക്കുന്ന, അതിൽ ആനന്ദം കണ്ടെത്തുന്ന നരാധമന്മാരെ സിപിഎമ്മിൽ മാത്രമേ കാണാൻ കഴിയുകയുള്ളൂ.
മുതലാളിമാരുടെ കയ്യിൽ നിന്ന് മാസപ്പടി വാങ്ങിയിട്ടല്ല…. നല്ല അന്തസ്സായി തൊഴിലെടുത്തു ജീവിക്കുന്ന കുടുംബമാണ് സരിന്റേത്. സരിനും ഭാര്യ സൗമ്യയും മെറിറ്റിൽ പഠിച്ചു ഡോക്ടർ ആയവരാണ്. അല്ലാതെ നാട്ടിലെ സ്വാശ്രയ കോളേജുകൾ പൂട്ടിക്കാൻ പാർട്ടിയിലെ പട്ടിണിപ്പാവങ്ങളെ വിട്ട്, ലാവ്‌ലിനിൽ കോടികൾ തട്ടി, ആ പണം കൊണ്ട് അന്യസംസ്ഥാനത്തെ സ്വാശ്രയ കോളേജിൽ പഠിച്ചു വന്നവരല്ല.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ പരാജയ ഭീതിയിൽ തുടങ്ങിയതാണ് സിപിഎമ്മിന്റെ സ്ത്രീകളോടുള്ള ആക്രമണം. ഉമ്മൻ ചാണ്ടിയുടെ മക്കളായ അച്ചുവിനെയും മറിയയെയും വ്യക്തിയധിക്ഷേപം നടത്താൻ, ചാനലുകളിൽ വന്ന് മാലിന്യം വിളമ്പുന്ന അടിമയെയാണ് സിപിഎം നിയോഗിച്ചത്. അദ്ദേഹത്തിനും സിപിഎമ്മിനുമുള്ള മറുപടി ജനങ്ങൾ കനത്തിൽ നൽകി.
സിപിഎം നിർമിക്കുന്ന നുണകളെ കാര്യക്ഷമമായി തടുക്കാനും, വസ്തുതകളും സത്യവും കോൺഗ്രസ് രാഷ്ട്രീയവും ഫലപ്രദമായി ജനങ്ങൾക്കിടയിലേക്ക് എത്തിക്കാനും കോൺഗ്രസ് ഡിജിറ്റൽ മീഡിയ ടീമിന് കഴിഞ്ഞിട്ടുണ്ട്. ഇതിൽ അസ്വസ്ഥരായ സിപിഎമ്മിന്റെ ക്രിമിനൽ-ലഹരി-മാഫിയ സംഘം വ്യാപകമായി കോൺഗ്രസ് രാഷ്ട്രീയം സംസാരിക്കുന്ന സ്ത്രീകളെ ഉന്നം വെച്ച് ആക്രമിക്കുകയാണ്. രാഷ്ട്രീയ പാർട്ടികളുടെ കൊടിയുടെ നിറമോ, പേരോ അറിയാത്ത കൊച്ചു കുഞ്ഞുങ്ങളുടെ പോലും ചിത്രമെടുത്ത്, പൊതുമധ്യത്തിൽ കേട്ടാലറയ്ക്കുന്ന തലക്കെട്ടുകൾ എഴുതി വയ്ക്കുന്ന സിപിഎം സാഡിസ്റ്റുകൾ, ലോകത്തുള്ള മുഴുവൻ ‘മനുഷ്യർക്കും’ വെല്ലുവിളിയാണ്.
പിണറായി വിജയൻ ഭരിക്കുന്ന പോലീസിൽ നിന്ന് നീതി ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല. പക്ഷെ, ഇന്ത്യ മുഴുവൻ നിറഞ്ഞു നിൽക്കുന്ന പാർട്ടിയാണ് കോൺഗ്രസ് എന്ന് സിപിഎമ്മും മറന്നുപോകേണ്ടതില്ല.കൊച്ചു കുഞ്ഞുങ്ങളെ പോലും ആക്രമിക്കുന്ന മനോരോഗികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കോൺഗ്രസിനറിയാം…
കോൺഗ്രസിന്റെ കുട്ടികൾക്കും കുടുംബങ്ങൾക്കും സംരക്ഷണമൊരുക്കാൻ പാർട്ടി മുന്നിട്ടിറങ്ങും.
കെ സുധാകരൻ. ”